'ധ്രുവനച്ചത്തിരം' സിനിമയിൽ വിക്രം, ഗൗതം മേനോൻ Source: Instagram / gauthamvasudevmenon
ENTERTAINMENT

സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാൻ സഹായിച്ചത് 'ലിയോ', 'ധ്രുവനച്ചത്തിരം' സെൻസറിങ് പൂർത്തിയായി: ഗൗതം മേനോൻ

വിക്രമിനെ നായനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'ധ്രുവനച്ചത്തിരം'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വിജയ് നായകനായ 'ലിയോ' എന്ന സിനിമയാണ് തന്റെ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ സഹായിച്ചതെന്ന് സംവിധായകനും നടനുമായ ​ഗൗതം വാസുദേവ് മേനോൻ. 'ധ്രുവനച്ചത്തിരം' എന്ന സിനിമയുടെ റിലീസ് സാധ്യമാക്കാനാണ് അഭിനയരംഗത്തേക്ക് എത്തിയതെന്നും സംവിധായകൻ പറഞ്ഞു. 'ലിയോ'യിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം 'ധ്രുവനച്ചത്തിര'ത്തിന്റെ റിലീസ് പ്രതിസന്ധികൾ നീക്കാൻ സഹായിച്ചുവെന്നും ഗൗതം മേനോൻ വെളിപ്പെടുത്തി.

വിക്രമിനെ നായനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ധ്രുവനച്ചത്തിരം' എന്ന സിനിമയുടെ റിലീസിനായി വർഷങ്ങളായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2017ൽ ഷൂട്ടിങ് ആരംഭിച്ച സിനിമയുടെ റിലീസ് നിരവധി തവണ മാറ്റിവച്ചിരുന്നു.സിനിമയുടെ റിലീസ് നേരിട്ട തടസങ്ങൾ മറികടക്കാനായാണ് താൻ അഭിനയരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് സംവിധായകൻ പുറയുന്നു.

"ധ്രുവനച്ചത്തിരം സിനിമയുടെ റിലീസിനെ പിന്തുണയ്ക്കാൻ ആരും മുന്നോട്ട് വന്നില്ല. അതുകൊണ്ടാണ് ഞാൻ സിനിമാ അഭിനയം തെരഞ്ഞെടുത്തത്. എന്റെ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കുന്നതിൽ 'ലിയോ' വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ധ്രുവനച്ചത്തിരത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായിരിക്കുന്നു. ചെറിയ ഒരു പ്രശ്നം മാത്രമേ ഇനിയുള്ളൂ. അതും ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കും," എന്നാണ് ഗൗതം പറയുന്നത്.

2017ൽ ആണ് 'ധ്രുവനച്ചത്തിരം' ചിത്രീകരണം ആരംഭിച്ചത്. എന്നാൽ, സാമ്പത്തികവും നിയമപരവുമായ തടസങ്ങളും കോവിഡ് 19 മഹാമാരിയും കാരണം സിനിമയുടെ ചിത്രീകരണവും റിലീസും പ്രതിസന്ധിയിലായി. വർഷങ്ങളോളം നിർമാണഘട്ടത്തിൽ തന്നെ കുടുങ്ങിക്കിടന്ന ചിത്രം ഒടുവിൽ 2023 ലാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.

സിനിമ 2023 നവംബർ 24ന് തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ, നിശ്ചയിച്ചിരുന്ന തീയതിക്ക് തലേദിവസം സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. പിന്നീട്, 2024 ജനുവരിയിൽ ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്തേക്കുമെന്ന് അണിയറപ്രവർത്തകർ സൂചന നൽകിയെങ്കിലും അതും നടന്നില്ല. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 19ന് തിയേറ്ററുകളിൽ എത്തും.

ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റിന്റെ വേഷത്തിലാണ് വിക്രം ചിത്രത്തിൽ എത്തുന്നത്. വിക്രമിനെ കൂടാതെ വിനായകൻ, റിതു വർമ, പാർത്ഥിപൻ, സിമ്രാൻ, രാധിക ശരത്കുമാർ തുടങ്ങിയവരും 'ധ്രുവനച്ചത്തിര'ത്തിൽ അഭിനയിക്കുന്നുണ്ട്. മനോജ് പരമഹംസ, ജോമോൻ ടി. ജോൺ, സന്താന കൃഷ്ണൻ, രവിചന്ദ്രൻ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് പ്രവീൺ ആന്റണിയാണ്. ഒൻഡ്രാഗ എന്റർടൈൻമെന്റും ഒരു ഊരിലെ ഒരു ഫിലിം ഹൗസും ചേർന്നാണ് നിർമാണം.

SCROLL FOR NEXT