കൊച്ചി: സംവിധായിക ഗീതു മോഹൻദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബിടിഎസ് ദൃശ്യങ്ങൾ പറത്തുവിട്ട് 'ടോക്സിക്' ടീം. യഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിലെ ഫ്രെയിമുകൾ ഒരുക്കുന്ന സംവിധായികയുടെ ദൃശ്യങ്ങളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഷോട്ടുകൾ കൃത്യമായി നിർദേശിച്ചും, വൻതോതിലുള്ള ആക്ഷൻ രംഗങ്ങൾ നിയന്ത്രിച്ചും, അഭിനേതാക്കളുടെ പ്രകടനങ്ങൾക്ക് മാർഗനിർദേശം നൽകിയും വലിയ ഒരു സംഘത്തെ അതീവ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും നയിക്കുന്ന ഗീതുവിനെ ദൃശ്യങ്ങളിൽ കാണാം.
"വ്യത്യസ്തമായ അനുഭവം സമ്മാനിച്ച ഓരോ ഷോട്ടിനും പിന്നിൽ, ഡയലോഗുകൾക്ക് പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സംസാരിച്ച ഓരോ നിശബ്ദതയ്ക്കും പിന്നിൽ അവരുണ്ടായിരുന്നു! ജന്മദിനാശംസകൾ ഗീതു മോഹൻദാസ്," എന്ന സന്ദേശത്തോടൊപ്പമാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ 'ടോക്സിക്' യാഥാർത്ഥ്യമാക്കുന്നതിൽ സംവിധായിക എന്ന നിലയിൽ ഗീതുവിന്റെ അക്ഷീണമായ പ്രവർത്തനത്തെ ആഘോഷിക്കുകയാണ് ഈ വീഡിയോയിലൂടെ അണിയറപ്രവർത്തകർ.
സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്'. ചിത്രത്തിൽ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം. സിനിമ ഉടൻ തിയേറ്ററുകളിൽ എത്തിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
അടുത്തിടെ നടന്ന സിനിമാകോൺ 2026 വേദിയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആഗോള വിതരണക്കാർക്കും അന്താരാഷ്ട്ര സിനിമാ മേഖലയിലെ പ്രമുഖർക്കും ഇടയിൽ മികച്ച അഭിപ്രായം നേടിയെടുക്കാനായത് ചിത്രത്തിന്റെ അന്താരാഷ്ട്ര റിലീസ് സാധ്യതകൾ വർധിപ്പിച്ചതായാണ് റിപ്പോർട്ട്. ഇതോടെ മുൻ നിശ്ചയിച്ച ചിത്രത്തിന്റെ റിലീസ് തീയതി നിർമാതാക്കൾ മാറ്റുകയായിരുന്നു. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും.