

ഹൈദരാബാദ്: 'വീര സിംഹ റെഡ്ഡി' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം, നന്ദമുരി ബാലകൃഷ്ണയും സംവിധായകൻ ഗോപിചന്ദ് മലിനേനിയും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 'NBK111' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ മെഗാ പ്രോജക്ടിന്റെ ഫസ്റ്റ് ഗ്ലിംപ്സ് ഉടൻ പറത്തുവിടും. നന്ദമുരി ബാലകൃഷ്ണയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ജൂൺ 10നാകും സിനിമയുടെ ടീസർ റിലീസ് ചെയ്യുക.
ആക്ഷനും ഡ്രാമയും നിറഞ്ഞ കൊമേഴ്‌ഷ്യൽ എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നതായി നടൻ മഞ്ചു മനോജ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. കഥാഗതിയെ തന്നെ മാറ്റിമറിക്കുന്ന വളരെ നിർണായകമായ ഒരു വേഷമായിരിക്കും അദ്ദേഹം കൈകാര്യം ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. 'NBK111' ഷൂട്ടിങ് മുംബൈയിൽ പുരോഗമിക്കുകയാണ്.
വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ കിലാരുവാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ജൂൺ നാലിന് റിലീസ് ചെയ്ത രാം ചരൺ ചിത്രം പെദ്ധി'യുടെ നിർമാതാക്കളാണ് വൃദ്ധി സിനിമാസ്.
'NBK111' അനൗൺസ്മെന്റ് പോസ്റ്റർ ഇതിനോടകം തന്നെ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. നോ മോർ വിന്റേജ്, ഒൺലി ന്യൂ ഏജ് എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ബാലകൃഷ്ണയെ ഇതുവരെ കാണാത്ത വിധം വ്യത്യസ്തമായ ലുക്കിലായിരിക്കും സിനിമയിൽ കാണാൻ സാധിക്കുക എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മാസ് ആക്ഷൻ എന്റർടെയ്‌നർ സിനിമകളിലൂടെ ശ്രദ്ധേയനായ ഗോപിചന്ദ് മലിനേനി, ബാലകൃഷ്ണയെ വച്ച് തിയേറ്ററുകളെ ഇളക്കിമറിക്കുന്ന മറ്റൊരു ദൃശ്യവിരുന്ന് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ടൈറ്റിൽ, മറ്റ് അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും.