Source: X
ENTERTAINMENT

ഗോൾഡൻ ഗ്ലോബ്സ്: ആദ്യ പുരസ്കാര തിളക്കത്തിൽ തിമോത്തി ഷാലമെറ്റ്, നേട്ടവുമായി'വൺ ബാറ്റിൽ ആഫ്റ്റർ അനദറും' 'അഡോളസെൻസും'

റോസ് ബൈയണിനെ മികച്ച നടിയായി തെരഞ്ഞെടുത്തു

Author : വിന്നി പ്രകാശ്

ഗോൾഡൻ ഗ്ലോബ്സ് 2026 പുരസ്കാര ചടങ്ങിൽ മികച്ച നേട്ടവുമായി ലിയനാർഡോ ഡികാപ്രിയോ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദറും' ലിമിറ്റഡ് സീരീസായ 'അഡോളസെൻസും'. മികച്ച സീരീസ്, മികച്ച നടൻ (സ്റ്റീഫൻ ഗ്രഹാം), മികച്ച സഹനടൻ( ഓവൻ കൂപ്പർ), മികച്ച സഹനടി( എറിൻ ദോഹേർത്തി ) എന്നീ പുരസ്കാരങ്ങൾ അഡോളസെൻസ് സ്വന്തമാക്കിയപ്പോൾ മികച്ച സഹനടി( ടിയാന ടെയ്ലർ), മികച്ച തിരക്കഥ( പോൾ തോമസ് ആൻഡേഴ്സൺ) , മികച്ച സംവിധായകൻ( പോൾ തോമസ് ആൻഡേഴ്സൺ), മ്യൂസിക്കൽ/ കോമഡി വിഭാഗത്തിലെ മികച്ച ചലച്ചിത്രം എന്നീ പുരസ്കാരങ്ങൾ വൺ ബാറ്റിൽ ആഫ്റ്റർ അനദറും സ്വന്തമാക്കി.

ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രമായി ഹാംനറ്റിനെ തെരഞ്ഞെടുത്തപ്പോൾ മാർട്ടി സുപ്രീംമിലെ അഭിനയത്തിന് തിമോത്തി ഷാലമെറ്റ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. 'ഈഫ് ഐ ഹാഡ് ലെഗ്സ്, ഐ വുഡ് കിക്ക് യു'എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ് ബൈയണിനെ മികച്ച നടിയായി തെരഞ്ഞെടുത്തു. മോഷൻ പിക്ചർ ഡ്രാമ വിഭാഗത്തിൽ 'ദ സീക്രട്ട് ഏജൻ്റ് 'എന്ന ചിത്രത്തിലെ അഭിനയത്തിന് വാഗ്നെർ മൌറ മികച്ച നടനായി.

ലിയനാർഡോ ഡികാപ്രിയോയും ജോർജ് ക്ലൂണിയേയും പിന്തള്ളിയാണ് തിമോത്തി ഷാലമെറ്റ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. മുൻ വർഷങ്ങളിൽ 'കാൾ മീ ബൈ യുവർ നെയിം', 'ബ്യൂട്ടിഫുൾ ബോയ്', 'എ കംപ്ലീറ്റ് അൺനോൺ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തിമോത്തി ഷാലമെറ്റിനെ ഗോൾഡൻ ഗ്ലോബിന് പരിഗണിച്ചിരുന്നുവെങ്കിലും എല്ലാ തവണയും പുരസ്കാരം കൈവിട്ടു പോവുകയായിരുന്നു.

കൊമേഡിയൻ നിക്കി ഗ്ലേസറായിരുന്നു ഇത്തവണയും ഗോൾഡൻ ഗ്ലോബ്സിൻ്റെ അവതാരക. കഴിഞ്ഞ തവണ അരങ്ങേറ്റം കുറിച്ചതോടെ ചരിത്രത്തിലാദ്യമായി ഗോൾഡൻ ഗ്ലോബ്സ് അവതാരകയാവുന്ന വനിതയെന്ന നേട്ടവും നിക്കി ഗ്ലേസർ സ്വന്തമാക്കിയിരുന്നു. ജൂലിയ റോബേർട്സ്, ജോർജ് ക്ലൂണി, മില കുനിസ്, അന ഡെ അർമാസ്, ജെന്നിഫർ ഗാർനർ എന്നിവരും അവതാരകരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

SCROLL FOR NEXT