ചെന്നൈ: ദേഹനിന്ദ നടത്തുന്നവരോട് കൃത്യം സമയത്ത് തന്നെ എല്ലാ പെൺകുട്ടികളും പ്രതികരിക്കണമെന്ന് നടി ഗൗരി കിഷൻ. താനും അതാണ് ചെയ്തതെന്നും നടി. തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനിടെയായിരുന്നു യൂട്യൂബർ ആർ.എസ് കാർത്തിക്കിന്റെ ദേഹനിന്ദാപരമായ ചോദ്യങ്ങള്‍. ഇത് വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു.
നടിയുടെ ഭാരമെത്രയെന്നായിരുന്നു ആർ.എസ്. കാർത്തിക്കിന്റെ ചോദ്യം. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ ഒന്നടങ്കം നടിക്ക് നേരെ തിരിയുകയായിരുന്നു. ചോദ്യം തന്നെ വിഡ്ഢിത്തരമാണെന്നും യൂട്യൂബർ മാപ്പു പറയണമെന്നുമാണ് ഗൗരി ആവശ്യപ്പെട്ടത്. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്ക് കടക്കുകയായിരുന്നു.
"ഇതെല്ലാം തമാശയാണെന്ന് പറയാൻ പറ്റില്ല. ഇന്ന് വെയ്റ്റ് ചോദിക്കുന്നവർ നാളെ എന്തായിരിക്കും ചോദിക്കുക. ചിരിച്ചു മിണ്ടാതെയിരുന്നാല്‍ ഇതിന് അപ്പുറം ആയിരിക്കും ചോദിക്കുക. നിങ്ങൾ തടിച്ചിട്ടാണെന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ വെയ്റ്റ് അല്ലേ ചോദിച്ചുള്ളൂ എന്നാണ് പറയുന്നത്. അതും നിങ്ങളോട് ചോദിച്ചില്ലല്ലോ എന്നാണ് വാദം. എന്നെപ്പറ്റി പറഞ്ഞാൽ ഞാന്‍ ചോദ്യം ചെയ്യണ്ടേ? എന്നെ അവർ ഒരു മനുഷ്യനായി കണ്ടിട്ടില്ല. ഒരു പാവയേപ്പൊലെയാണ് കാണുന്നത്. അവർക്ക് ആർക്കും എന്നെ കേള്‍ക്കണ്ട. എന്നെ അവർ ആക്രമിച്ചുകൊണ്ടേയിരുന്നു. നിങ്ങളോടൊക്കെ ഡൊണാള്‍ഡ് ട്രംപിനെപ്പറ്റി ചോദിക്കാൻ പറ്റില്ലല്ലോ എന്നാണ് പിന്നെ പറയുന്നത്. അതെന്താ ഞങ്ങള്‍ക്ക് സമകാലീന വിഷയങ്ങളെപ്പറ്റി അറിയില്ലേ. അതിനുള്ള ബുദ്ധി ഞങ്ങള്‍ക്ക് ഇല്ലേ. ആ ചോദ്യത്തില്‍ നിന്ന് അദ്ദേഹത്തിനാണ് ബുദ്ധിയില്ലാത്തതെന്ന് എല്ലാവർക്കും മനസിലായി. എനിക്ക് സംസാരിക്കാൻ ഒരു അവസരം പോലും അദ്ദേഹം നൽകിയില്ല. നീയൊരു പെണ്ണാണ് അതുകൊണ്ട് നീ ഒന്നും പറയണ്ട എന്നാണ് അവരുടെ മനസ്ഥിതി എന്ന് അതില്‍ നിന്ന് തന്നെ മനസിലാക്കാം," ഗൗരി കിഷൻ പറഞ്ഞു.
അതേസമയം, ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ടാണ് എന്നാണ് ആർ.എസ്. കാർത്തിക്കിന്റെ വാദം. ശരീരനിന്ദാ പരാമർശത്തിൽ മാപ്പ് പറയില്ലെന്നും യൂട്യൂബർ പറയുന്നു. ജോളി ആയിരിക്കാൻ വേണ്ടിയാണ് താൻ ചോദ്യം ചോദിച്ചതെന്നും ഗൗരി വിഡ്ഢിയെന്ന് വിളിച്ചെന്നും കാർത്തിക് ആരോപിക്കുന്നു.