ഗോവിന്ദ് വസന്ത 
ENTERTAINMENT

ബൈക്ക് തള്ളി ഗോവിന്ദ് വസന്ത; ദൃശ്യങ്ങൾ പകർത്തി പ്രേം കുമാർ, വീഡിയോ വൈറൽ

'നോ പെട്രോൾ' എന്ന ഹാഷ്ടാഗിനൊപ്പമാണ് പ്രേം കുമാർ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത തന്റെ ബൈക്ക് തള്ളിക്കൊണ്ടുപോകുന്ന വീഡിയോ വൈറലാകുന്നു. തമിഴ് സംവിധായകൻ പ്രേം കുമാർ ആണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പെട്രോൾ തീർന്നതിനാൽ പമ്പു വരെ ഗോവിന്ദ് തന്റെ ബൈക്ക് തള്ളി എത്തിക്കുകയായിരുന്നു.

'നോ പെട്രോൾ' എന്ന ഹാഷ്ടാഗിനൊപ്പമാണ് ഈ വീഡിയോ പ്രേം കുമാർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബൈക്ക് തള്ളി ക്ഷീണിച്ച ഗോവിന്ദ് ക്യാമറ നോക്കി ചിരിക്കുന്നതും ഈ വൈറൽ വീഡിയോയിൽ കാണാം. രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്. 'മെയ്യഴഗൻ' സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റി, 'പോരേൻ നാൻ പോരേൻ ബൈക്ക് തള്ളി പോരേൻ' എന്നാണ് ഒരാൾ കുറിച്ചത്. '96' സിനിമയിലെ ഡയലോഗുകളും കമന്റുകളിൽ കാണാം. ‘ബൈക്ക് തള്ളി ഒരുപാട് ദൂരം പോയോ റാം’ എന്ന കമന്റിന് ‘പെട്രോൾ ബങ്ക് വരെ’ എന്ന് പ്രേം കുമാർ കമന്റും ചെയ്തിട്ടുണ്ട്.

‘96’, ‘മെയ്യഴകൻ’ എന്നീ ഹൃദയസ്പർശിയായ ചിത്രങ്ങളിലൂടെ സിനിമാസ്വാദകരുടെ മനംകവർന്ന സംവിധായകനാണ് പ്രേം കുമാർ. ഈ രണ്ട് സിനിമകളുടെയും പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഗോവിന്ദാണ്. ഇവയെല്ലാം ഹിറ്റുകളുമായിരുന്നു. നിലവിൽ, ഫഹദ് ഫാസിലും ശിവദയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രേം കുമാർ. ത്രില്ലർ ഴോണറിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ സിനിമയുടേയും സംഗീതം ഗോവിന്ദ് വസന്തയാണ്.

SCROLL FOR NEXT