ലോസ് ഏഞ്ചലസ്: 2026 ഗ്രാമി അവാർഡ് വേദിയിൽ യുഎസിലെ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ പ്രമുഖ താരങ്ങൾ നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയാകുന്നു. മിനിയാപൊളിസിലും മറ്റും നടന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ഐസ്) മനുഷ്യത്വരഹിതമായ പ്രവൃത്തികൾക്കെതിരെ ഗ്രാമി ജേതാക്കൾ ശബ്ദമുയർത്തി. ബാഡ് ബണ്ണി, ബില്ലി എലിഷ്, ഒലിവിയ ഡീൻ എന്നിങ്ങനെ നിരവധി പ്രമുഖർ ഐസിനെതിരെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിച്ചു.
"ദൈവത്തിന് നന്ദി പറയുന്നതിന് മുമ്പ്, എനിക്ക് പറയാനുള്ളത് 'ഐസ് പുറത്തുപോവുക' എന്നാണ് ," എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ബാഡ് ബണ്ണി പ്രസംഗം തുടങ്ങിയത്. "ഞങ്ങൾ വന്യമൃഗങ്ങളോ അപരിഷ്കൃതരോ അന്യഗ്രഹജീവികളോ അല്ല, ഞങ്ങൾ മനുഷ്യരാണ്, ഞങ്ങൾ അമേരിക്കക്കാരാണ്... വിദ്വേഷത്തേക്കാൾ ശക്തിയുള്ളത് സ്നേഹത്തിനാണ്. അതുകൊണ്ട് നമ്മൾ വ്യത്യസ്തരായിരിക്കണം. നമ്മൾ പോരാടുകയാണെങ്കിൽ അത് സ്നേഹത്തോടെ വേണം. നമുക്ക് അവരോട് വിദ്വേഷമില്ല, ഞങ്ങൾ ഞങ്ങളുടെ ജനതയേയും കുടുംബങ്ങളെയും സ്നേഹിക്കുന്നു," എന്നും ഗായകൻ കൂട്ടിച്ചേർത്തു. ഐസ് തന്റെ സംഗീത പരിപാടികൾക്കെത്തുന്നവരെ ലക്ഷ്യം വച്ചേക്കുമെന്ന് ഭയന്ന് യുഎസിൽ പര്യടനം നടത്തേണ്ടെന്ന് ബാഡ് ബണ്ണി തീരുമാനിച്ചിരുന്നു. ബാഡ് ബണ്ണിയുടെ 'ഡെബി തിരാർ മാസ് ഫോട്ടോസി'നാണ് ഇത്തവണത്തെ ആൽബം ഓഫ് ദ ഇയർ പുരസ്കാരം.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പലകുറി വിമർശിച്ചിട്ടുള്ള പോപ് താരം ബില്ലി എലിഷും ഗ്രാമി വേദിയിൽ ഐസിനെതിരെ രംഗത്തെത്തി. "മറ്റൊരാളിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ആരും തന്നെ നിയമവിരുദ്ധരല്ല. ഇപ്പോൾ എന്ത് പറയണം അല്ലെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയാൻ പ്രയാസമാണ്... എങ്കിലും നമ്മൾ പോരാട്ടം തുടരുകയും പ്രതിഷേധിക്കുകയും വേണം," എന്നായിരുന്നു ബില്ലിയുടെ വാക്കുകൾ.
ഒരു കുടിയേറ്റക്കാരന്റെ കൊച്ചുമകൾ എന്ന നിലയിലാണ് താൻ ഇവിടെ നിൽക്കുന്നതെന്നാണ് മികച്ച നവാഗത ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടിയ ഒലിവിയ ഡീൻ പറഞ്ഞത്. "ആ ധീരതയുടെ ഫലമാണ് ഞാൻ, അത്തരം ആളുകൾ തീർച്ചയായും ആഘോഷിക്കപ്പെടേണ്ടവരാണെന്ന് ഞാൻ വിശ്വസിക്കുന്നു," എന്ന് പറഞ്ഞുകൊണ്ടാണ് ഒലീവിയ പ്രസംഗം അവസാനിപ്പിച്ചത്.
കെൻഡ്രിക് ലാമറിനൊപ്പമുള്ള തന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലൂഥർ' എന്ന ഗാനത്തിന് റെക്കോർഡ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ശേഷം ബാക്ക്സ്റ്റേജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സിസയും (SZA) തന്റെ ശക്തമായ നിലപാടുകൾ തുറന്നു പറഞ്ഞു. "നമ്മളിവിടെ വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച് ഭൗതിക ലോകത്തെ നേട്ടങ്ങൾ ആഘോഷിക്കുമ്പോൾ, പുറത്ത് തെരുവിൽ ആളുകൾ അറസ്റ്റ് ചെയ്യപ്പെടുകയും വെടിയേൽക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ഭയാനകമാണ്. നിലവിലെ സാഹചര്യത്തിൽ നമുക്ക് ദേഷ്യവും നിരാശയും തോന്നുന്നത് സ്വാഭാവികമാണ്, എങ്കിലും ഞാൻ പ്രതീക്ഷ കൈവിടില്ല," എന്നും മാധ്യമപ്രവർത്തകരോട് സിസ പറഞ്ഞു.
പ്രധാന ചടങ്ങിന് മുന്നോടിയായി നടന്ന ചടങ്ങിൽ, മികച്ച ആർ&ബി പെർഫോമൻസ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം കെഹ്‌ലാനി 'എസിഇ തുലയട്ടെ' എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 'ആമേൻ' എന്ന ഗാനത്തിന് മികച്ച കൺട്രി ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ് പുരസ്കാരം നേടിയ ഷാബൂസി തന്റെ ആദ്യ ഗ്രാമി നേട്ടം "കുടിയേറ്റക്കാരുടെ മക്കൾക്കായി" സമർപ്പിച്ചു. കൂടാതെ, നിരവധി കലാകാരന്മാർ തങ്ങളുടെ വസ്ത്രങ്ങളിൽ 'ഐസ് ഔട്ട്' പിൻ ധരിച്ചുകൊണ്ടാണ് ഗ്രാമി റെഡ് കാർപ്പറ്റിൽ എത്തിയത്. ബില്ലി എലിഷ്, ബ്രാൻഡി കാർലൈൽ , ജസ്റ്റിൻ ബീബർ, ഹെയ്‌ലി ബീബർ, ജാക്ക് ആന്റനോഫ്, ജസ്റ്റിൻ വെർണൻ, മാർഗോ പ്രൈസ്, സമാര ജോയ് എന്നിങ്ങനെയുള്ളവരാണ് ട്രംപ് ഭരണകൂടത്തിന്റെ ഇമിഗ്രേഷൻ നടപടികളോടുള്ള പ്രതിഷേധം സൂചിപ്പിക്കുന്ന പിൻ ധരിച്ച് എത്തിയത്.