ധർമേന്ദ്രയും ഹേമാ മാലിനിയും Source: X
ENTERTAINMENT

"ധരം ജി, അദ്ദേഹമായിരുന്നു എനിക്ക് എല്ലാം"; വൈകാരിക കുറിപ്പുമായി ഹേമാ മാലിനി

ധർമേന്ദ്രയുടെ വിയോഗം നികത്താനാകാത്ത വിടവാണ് അവശേഷിപ്പിച്ചിരിക്കുന്നത് എന്ന് ഹേമാ മാലിനി

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്രയുടെ വിയോഗത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി നടിയും പങ്കാളിയുമായ ഹേമാ മാലിനി. എക്സ്‌ പോസ്റ്റുകളിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. ധർമേന്ദ്ര ആയിരുന്നു തനിക്ക് എല്ലാം. പങ്കാളിയും സുഹൃത്തും വഴികാട്ടിയുമായ ധർമേന്ദ്രയുടെ വിയോഗം നികത്താനാകാത്ത വിടവാണ് അവശേഷിപ്പിച്ചിരിക്കുന്നത് എന്നും ഹേമാ മാലിനി കുറിച്ചു.

നവംബർ 24 തിങ്കാഴ്ചയാണ് ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചത്. മരണ ശേഷം ഹേമാ മാലിനിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. ധർമേന്ദ്ര സ്നേഹനിധിയായ പങ്കാളിയും പെൺമക്കളായ ഇഷയുടെയും അഹാനയുടെയും വാത്സല്യമുള്ള അച്ഛനും, കുടുംബത്തിലെ എല്ലാവരുടെയും പ്രിയങ്കരനുമായിരുന്നു എന്ന് ഓർമിക്കുകയാണ് ഹേമ.

"ധരം ജി, എനിക്ക് അദ്ദേഹം പലതായിരുന്നു. സ്നേഹമുള്ള ഭർത്താവ്, ഞങ്ങളുടെ രണ്ട് പെൺകുട്ടികളായ ഇഷയുടെയും അഹാനയുടെയും ആരാധ്യനായ അച്ഛൻ, സുഹൃത്ത്, തത്വജ്ഞാനി, വഴികാട്ടി, കവി, ആവശ്യനേരത്തെല്ലാം എനിക്ക് ആശ്രയിക്കാവുന്നയാൾ. സത്യത്തിൽ, അദ്ദേഹം എനിക്ക് എല്ലാം ആയിരുന്നു! നല്ല സമയത്തും മോശം സമയത്തും എന്നും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സൗഹൃദപരമായ പെരുമാറ്റം കൊണ്ട് അദ്ദേഹം എന്റെ കുടുംബാംഗങ്ങൾക്ക് പ്രിയങ്കരനായി, അവരോടെല്ലാം എപ്പോഴും വാത്സല്യവും താൽപ്പര്യവും കാണിച്ചിരുന്നു.

ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ, അദ്ദേഹത്തിന്റെ കഴിവ്, പ്രശസ്തിക്കിടയിലും ഉള്ള വിനയം, എല്ലാവർക്കും സ്വീകാര്യമായ വ്യക്തിത്വം എന്നിവ അദ്ദേഹത്തെ മറ്റ് ഇതിഹാസങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്ന അതുല്യമായ ഒരടയാളമായി സ്ഥാപിച്ചു. ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിന്റെ സ്ഥായിയായ പ്രശസ്തിയും നേട്ടങ്ങളും എന്നെന്നും നിലനിൽക്കും.

എന്റെ വ്യക്തിപരമായ നഷ്ടം വിവരിക്കാവുന്നതിലും അപ്പുറമാണ്. ഈ ശൂന്യത എന്റെ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒന്നാണ്. വർഷങ്ങൾ നീണ്ട ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം, എണ്ണമറ്റ ഓർമകളാണ് എനിക്കിപ്പോൾ ബാക്കിയുള്ളത്..." ഹേമാ മാലിനി എക്സിൽ കുറിച്ചു.

1980 ലാണ് ധർമേന്ദ്രയും ഹേമാ മാലിനിയും വിവാഹിതരാകുന്നത്. ആ സമയത്ത്, ധർമേന്ദ്ര പ്രകാശ് കൗറിനെ വിവാഹം കഴിച്ചിരുന്നു. ഇരുവർക്കും സണ്ണി, ബോബി, അജീത, വിജേത എന്നിങ്ങനെ നാല് കുട്ടികളുമുണ്ടായിരുന്നു. സിനിമാ മേഖലയിലേക്ക് എത്തിയതിന് പിന്നാലെയാണ് ഹേമയെ കാണുന്നതും പ്രണയത്തിലാകുന്നതും. ധർമേന്ദ്രയ്ക്കും ഹേമാ മാലിനിക്കും ഇഷ, അഹാന എന്നീ രണ്ട് പെണ്‍മക്കളാണുള്ളത്.

ധർമേന്ദ്ര-ഹേമാ മാലിനി താര ജോഡി ബോളിവുഡിലെ ഹിറ്റ് കോംബോ ആയിരുന്നു. തും ഹസീൻ മെയിൻ ജവാൻ, സീത ഔർ ഗീത, ഷോലെ, ജുഗ്നു, ഡ്രീം ഗേൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

SCROLL FOR NEXT