കൊച്ചി: ലൗ ടുഡേ, ഡ്രാഗൺ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനും സംവിധായനുമാണ് പ്രദീപ് രംഗനാഥൻ. 'ഡ്യൂഡ്' ആണ് പ്രദീപിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നൂറ് കോടി ക്ലബിൽ ഇടംപിടിച്ച ചിത്രം വലിയ തോതിൽ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. മലയാളി താരം മമിതാ ബൈജുവായിരുന്നു സിനിമയിലെ നായിക.
'ഡ്യൂഡി'നായി പ്രദീപിന്റെ നേതൃത്വത്തിൽ കേരളത്തിലും വ്യാപകമായി പ്രൊമോഷൻ പരിപാടികൾ നടന്നിരുന്നു. സിനിമയുടെ പ്രൊമോഷനായി എത്തിയ പ്രദീപിന്റെ എയർപ്പോർട്ടിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ച. 'കേരളാ ഫുഡ് ട്രൈ ചെയ്യണം' എന്ന് ഒരു ഓൺലൈൻ മാധ്യമപ്രവർത്തകർ പറയുന്നതും നടൻ അതിന് മറുപടി നൽകുന്നതുമാണ് ദൃശ്യങ്ങളിൽ. "ഉറപ്പായും ട്രൈ ചെയ്യാം. പൊറോട്ടയും ബീഫും കഴിക്കണമെന്നുണ്ട്," എന്നായിരുന്നു പ്രദീപിന്റെ മറുപടി.
'സനാതൻ കന്നഡ' എന്ന പേജ് ആണ് എക്സിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രദീപ് ബീഫ് കഴിക്കും എന്ന് പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്. പരുഷമായ വാക്കുകൾ ആണ് നടന് എതിരെ ഉപയോഗിച്ചിരിക്കുന്നത്. ‘കോളനി’ എന്ന് അര്‍ത്ഥം വരുന്ന ഹിന്ദി വാക്കായ ‘ചപ്രി’ എന്നാണ് പ്രദീപിനെ വിശേഷിപ്പിച്ചത്. പ്രദീപിന്റെ അടുത്ത സിനിമ 'എൽഐകെ' ബഹിഷ്കരിക്കണമെന്നും നടൻ 'ധർമദ്രോഹി' ആണെന്നും സനാതൻ കന്നഡ പോസ്റ്റിൽ പറയുന്നു.
പ്രദീപിനെ നായകനാക്കി വിഘ്നേഷ് ശിവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ് ഇൻഷുറൻസ് കമ്പനി’ (എൽഐകെ). ഫാന്റസി റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രം വമ്പൻ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് നിർമാണം. കൃതി ഷെട്ടി ആണ് സിനിമയിലെ നായിക. എസ്ജെ സൂര്യ, ഗൗരി കിഷൻ, മിഷ്‌കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നുണ്ട്.