ENTERTAINMENT

കളിയാക്കിയവരൊക്കെ അന്ന് ആദ്യമായി കയ്യടിച്ചു; ബോഡിഷെയിമിങ്ങിനെ കുറിച്ച് ധനുഷ്

പൊല്ലാധവന്‍ ആണ് തന്റെ കരിയറിലെ വഴിത്തിരിവെന്നും ധനുഷ്

Author : ന്യൂസ് ഡെസ്ക്

കരിയറിന്റെ തുടക്കത്തില്‍ നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ധനുഷ്. പുതിയ ചിത്രം കരയുടെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെട്രിമാരന്റെ പൊല്ലാധവന്‍ ആണ് തന്റെ കരിയറിലെ വഴിത്തിരിവെന്നും താരം പറഞ്ഞു.

പൊല്ലാതവന്‍ ഇറങ്ങുന്നതിന് മുമ്പ് വരെ ആളുകള്‍ തന്റെ രൂപത്തെ പരിഹസിച്ചിരുന്നു. മെലിഞ്ഞിരിക്കുന്നതിന് കളിയാക്കിയിരുന്നു. എന്നാല്‍ പൊല്ലാധവനില്‍ സിക്‌സ് പാക്കുമായി എത്തിയപ്പോഴാണ് ആളുകള്‍ ആദ്യമായി തന്റെ ശരീരത്തെ അഭിനന്ദിച്ചതും ആദ്യമായി തനിക്കു വേണ്ടി വിസിലടിച്ചതും. ആ സിനിമ വളരെ പ്രിയപ്പെട്ടതാണെന്നും ധനുഷ്.

കരയുടെ പ്രീ റിലീസ് ചടങ്ങില്‍ ധനുഷ് നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയില്‍ ഇതിനകം വൈറലാണ്. ജീവിതത്തില്‍ എന്തൊക്കെ വെല്ലവിളികള്‍ നേരിട്ടാലും സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്നായിരുന്നു ധനുഷിന്റെ പ്രസംഗം.

"ഭഗവദ്ഗീതയില്‍ പറയുന്നതു പോലെ, നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ അതാണ് നിങ്ങള്‍ ആയിത്തീരുന്നത്. വിജയത്തെ കുറിച്ച് യാതൊരു സംശയവും പാടില്ല. അത് മനസ്സില്‍ ഉറപ്പിക്കണം. 2002-2003 കാലഘട്ടത്തില്‍ ദേശീയ അവാര്‍ഡ് കിട്ടുമെന്ന് ആരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എല്ലാവരും പരിഹസിച്ച് ചിരിക്കുമായിരുന്നു. എന്നാല്‍, ഒരിക്കല്‍ ആ ദേശീയ അവാര്‍ഡ് നേടുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഒടുവില്‍ ആ സമയവും വന്നുചേര്‍ന്നു'." എന്നായിരുന്നു ധനുഷിന്റെ വാക്കുകള്‍.

2010 ല്‍ പുറത്തിറങ്ങിയ ആടുകളം എന്ന ചിത്രത്തിനാണ് ധനുഷിന് രാജ്യത്തെ മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. 2019 ല്‍ അസുരനിലെ പ്രകടനത്തിനും അദ്ദേഹത്തെ തേടി ദേശീയ അവാര്‍ഡ് എത്തി. ധനുഷ് നിര്‍മിച്ച കാക്ക മുട്ടൈ, വിസാരണൈ എന്നിവയ്ക്കും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വെട്രിമാരന്‍ ആദ്യമായി സംവിധാനം ചെയ്ത പൊല്ലാതവന്‍ ആണ് ധനുഷിന്റെ കരിയറില്‍ വഴിത്തിരവായ ചിത്രം.

വിഘ്‌നേഷ് രാജയാണ് പുതിയ ചിത്രം കരയുടെ സംവിധായകന്‍. ഏപ്രില്‍ 30 നാണ് ചിത്രത്തിന്റെ റിലീസ്. മമിത ബൈജു, ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജാ രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. കെ.എസ്. രവികുമാര്‍, കരുണാസ്, പൃത്വി പണ്ഡ്യരാജന്‍, എം.എസ്. ഭാസ്‌കര്‍ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്.

SCROLL FOR NEXT