ENTERTAINMENT

"വേഗത ഇഷ്‌ടമാണ്, എൻ്റെ ഡ്രൈവിങ്ങിന് അത്ര നല്ല പേരായിരുന്നില്ല"; റോഡ് സുരക്ഷാ ബോധവൽക്കരണ സന്ദേശവുമായി മമ്മൂട്ടി

'ജീവ-സുയാത്ര'യുടെ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ റോഡ് സുരക്ഷയെക്കുറിച്ചും ഡ്രൈവിങ് ശീലങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വേഗത ഇഷ്‌ടമാണെന്നും തൻ്റെ ഡ്രൈവിങ്ങിന് അത്ര നല്ല പേരായിരുന്നില്ലെന്നും മനസ് തുറന്ന് നടൻ മമ്മൂട്ടി. ജാഗ്രതയും ഏകാഗ്രതയും ഉത്തരവാദിത്തബോധവും ഉണ്ടെങ്കിൽ വലിയ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും കഴിഞ്ഞ കുറച്ചുകാലമായി താൻ വാഹനം ഓടിക്കാറില്ലെന്നും മമ്മൂട്ടി പറഞ്ഞു. റോഡ് സുരക്ഷാ ബോധവൽക്കരണ പദ്ധതിയായ 'ജീവ-സുയാത്ര'യുടെ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ റോഡ് സുരക്ഷയെക്കുറിച്ചും ഡ്രൈവിങ് ശീലങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.

"റോഡപകടങ്ങളിൽ 99 ശതമാനവും മനുഷ്യൻ്റെ അശ്രദ്ധ മൂലമാണെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ തകരാർ കാരണം സംഭവിക്കുന്ന അപകടങ്ങൾ ഒരു ശതമാനം മാത്രമാണ്. റോഡിലൂടെ നടക്കുമ്പോൾ പോലും പലരും ഫോണിൽ സംസാരിക്കുന്നത് വീട്ടിലെ സ്വീകരണ മുറിയിലൂടെയോ ഡൈനിങ് റൂമിലൂടെയോ നടക്കുന്നതു പോലെയാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ചെറുപ്പം മുതലേ കുട്ടികൾക്ക് റോഡ് നിയമങ്ങളും ട്രാഫിക് മര്യാദകളും പഠിപ്പിച്ചുകൊടുക്കണം. അപകടങ്ങളിൽപ്പെട്ട് ജീവൻ നഷ്‌ടമായവർക്ക് ഒരിക്കലും തിരിച്ചുവരാനാകില്ല. അതിനാൽ ജീവിതം അപകടത്തിലാക്കുന്ന രീതിയിൽ വാഹനമോടിക്കരുത്. അപകടങ്ങൾ തീരെയില്ലാത്ത സംസ്ഥാനമായി കേരളം മാറട്ടെ," മമ്മൂട്ടി ആശംസിച്ചു.

"റോഡ് റേസിങ്ങിനുള്ളതല്ല. മോട്ടോർ സൈക്കിൾ അഭ്യാസങ്ങളും കാറിൻ്റെ വേഗപരീക്ഷണങ്ങളും പൊതുനിരത്തുകളിൽ നടത്തരുത്. ഇത്തരം പ്രകടനങ്ങൾക്കായി റേസ് ട്രാക്കുകളുണ്ട്. മറ്റുള്ളവരുടെ ജീവൻ കൂടി കണക്കിലെടുത്ത് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കണം. ബസുകളുടെ സമയക്രമത്തിലെ പ്രശ്നങ്ങളും മത്സരയോട്ടവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ബസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്," മമ്മൂട്ടി അഭിപ്രായപ്പെട്ടു.

SCROLL FOR NEXT