

കൊച്ചി: രൂക്ഷമായ സൈബർ ആക്രമണങ്ങൾക്ക് പരോക്ഷ മറുപടിയുമായി മമ്മൂട്ടി. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവെയാണ് മമ്മൂട്ടി കാലത്തിനൊത്തുള്ള തൻ്റെ പുതിയ ജീവിത കാഴ്ചപ്പാട് പങ്കുവച്ചത്.
"നിലവിലുള്ളത് രാവിലെ മുതൽ വൈകീട്ട് വരെ വെറുപ്പ് മാത്രം കുത്തിക്കയറ്റുന്ന കാലമാണ്. ചുറ്റും നടക്കുന്നത് നമ്മളെ പരസ്പരം ശത്രുക്കളാക്കുന്ന ചെയ്തികളാണ്. ഞാൻ പിന്തുടരുന്നത് ശത്രുക്കളെയും മിത്രങ്ങളാക്കണമെന്ന നയമാണ്," മമ്മൂട്ടി പറഞ്ഞു.
ജീവിതത്തിൽ തനിക്കെതിരെയുള്ള ശത്രുക്കളെയും എതിർപ്പുകളെയും എങ്ങനെ നേരിടുന്നുവെന്നും മമ്മൂട്ടി തുറന്നുപറഞ്ഞു. "ശത്രുക്കളെ ഇല്ലാതാക്കാൻ ഞാൻ ചെറിയൊരു വിദ്യ പ്രയോഗിക്കാറുണ്ട്. ബോംബിട്ട് കൊല്ലുകയോ വെടിവച്ച് കൊല്ലുകയോ ആളെ വിട്ട് തല്ലിക്കുകയോ അല്ല. ശത്രുക്കളെ മിത്രങ്ങളാക്കുകയാണ് ഞാൻ ചെയ്യാറ്. എല്ലാ ശത്രുക്കളെയും നമുക്ക് മിത്രങ്ങളാക്കാം. അവർ അതിനായി മുൻകൈ എടുത്തില്ലെങ്കിലും നമ്മളത് ചെയ്യാൻ തയ്യാറാകണം. തിന്മയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. അത്തരം തിന്മകളെയും വെറുപ്പുകളെയും സ്നേഹം കൊണ്ടും സൗഹൃദം കൊണ്ടും തോൽപ്പിക്കാൻ സാധിക്കും," മമ്മൂട്ടി പറഞ്ഞു.
"നമ്മൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കളായി കാണുന്ന പ്രവണത ഇക്കാലത്ത് കൂടിവരുന്നുണ്ട്. സ്വസ്തി എന്ന് പറഞ്ഞാലും സലാം എന്ന് പറഞ്ഞാലും എല്ലാറ്റിൻ്റേയും ആത്യന്തികമായ അർത്ഥം സമാധാനം എന്നത് മാത്രമാണ്," മമ്മൂട്ടി പുതിയ കാലത്തെ കുറിച്ചുള്ള തൻ്റെ ആശങ്ക മറച്ചുവച്ചില്ല.
അതേസമയം, മറുപടി പ്രസംത്തിൽ 'കഥ പറയുമ്പോൾ' എന്ന സിനിമയുടെ ക്ലൈമാക്സ് കണ്ട് കരഞ്ഞത് ജോസഫ് കാതോലിക്ക ബാവയും ഓർത്തെടുത്തു.