Kamal Haasan Hits Back at Elon Musk Over Starlink India Claims NEWS MALAYALAM 24X7
ENTERTAINMENT

'ഇന്ത്യ ഒരു കോളനിയല്ല, ജനാധിപത്യ രാജ്യമാണ്'; ഇലോൺ മസ്കിന് കമൽഹാസന്റെ മറുപടി

രാജ്യത്തിന്റെ ടെലികോം ശൃംഖലകളും സ്പെക്ട്രവും വെറുമൊരു വാണിജ്യ സ്വത്തല്ലെന്നും അവ തന്ത്രപ്രധാനമായ പശ്ചാത്തല സൗകര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവർത്തനം ചില വൻകിട മുതലാളിമാർ തടയുകയാണെന്ന സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി നടനും രാജ്യസഭാ എം.പിയുമായ കമൽഹാസൻ. ഇന്ത്യക്കാരനായാലും അമേരിക്കക്കാരനായാലും ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയങ്ങൾ തീരുമാനിക്കാൻ അധികാരമില്ലെന്ന് കമൽഹാസൻ വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

"ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ആരുടെയും കോളനിയല്ല. ലോകത്തെ ഇരുകൈയും നീട്ടി ഞങ്ങൾ സ്വാഗതം ചെയ്യും. എന്നാൽ രാജ്യത്തിന്റെ ഭാവി എങ്ങനെയായിരിക്കണമെന്ന് ഇന്ത്യൻ ജനതയാണ് തീരുമാനിക്കുക; അല്ലാതെ പാശ്ചാത്യ താല്പര്യങ്ങളോ അവരുടെ ഇരട്ടത്താപ്പുകളോ ഇന്ത്യൻ-വിദേശ ശതകോടീശ്വരന്മാരോ അല്ല" എന്ന് കമൽഹാസൻ കുറിച്ചു.

സാറ്റലൈറ്റ് ഇന്റർനെറ്റ് രംഗത്ത് ഇന്ത്യൻ-ആഗോള കമ്പനികളുടെ ആരോഗ്യകരമായ മത്സരത്തെ ഇന്ത്യ സ്വാഗതം ചെയ്യണം. ഉൾനാടൻ ഗ്രാമങ്ങളിലേക്ക് പ്രായോഗികവും കുറഞ്ഞ ചെലവിലുള്ളതുമായ സേവനം നൽകാൻ ആർക്കാണോ കഴിയുന്നത് അവർക്ക് അവസരം നൽകണം. ഉയർന്ന ഉപകരണച്ചെലവും സബ്‌സ്‌ക്രിപ്ഷൻ ഫീസും കാരണം സാധാരണക്കാർക്ക് ഇന്റർനെറ്റ് അപ്രാപ്യമാകരുത്. ഡിജിറ്റൽ വിടവ് കുറയ്ക്കാനാണ് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ടെലികോം ശൃംഖലകളും സ്പെക്ട്രവും വെറുമൊരു വാണിജ്യ സ്വത്തല്ലെന്നും അവ തന്ത്രപ്രധാനമായ പശ്ചാത്തല സൗകര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച സാധ്യമല്ല. സ്വന്തം നാട്ടിൽ ആഭ്യന്തര കമ്പനികളെ സംരക്ഷിക്കാൻ നയങ്ങൾ നടപ്പാക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ മറ്റുള്ളവരെ സ്വതന്ത്ര കമ്പോള തത്വം പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് യു.എസ് 100% നികുതി ചുമത്തിയതും വാവെയ്ക്ക് (Huawei) ഏർപ്പെടുത്തിയ വിലക്കുകളും ഉദാഹരിച്ച് അദ്ദേഹം വിമർശിച്ചു.

ആഭ്യന്തര വീഴ്ചകൾ രാജ്യം സ്വയം തിരുത്തുമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. ഭാരത്‌നെറ്റ് പദ്ധതിയിൽ 39,888 കോടി രൂപ ചെലവഴിച്ചിട്ടും ഗ്രാമപഞ്ചായത്തുകളിൽ 33.2 ശതമാനത്തിൽ മാത്രമാണ് സേവനങ്ങൾ പൂർണ്ണതോതിൽ എത്തിയതെന്ന സി.എ.ജി ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അത്തരം പോരായ്മകൾ ഞങ്ങൾ തന്നെ ചോദ്യം ചെയ്യുമെന്നും എന്നാൽ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ഡാറ്റ ലഭ്യമാക്കിയ ഇന്ത്യൻ ടെലികോം സംവിധാനത്തെ അഭിനന്ദിക്കാൻ മടിക്കില്ലെന്നും വ്യക്തമാക്കി.

165-ലധികം രാജ്യങ്ങളിൽ അനുമതിയുള്ള സ്റ്റാർലിങ്കിന് ഇന്ത്യയിൽ അഞ്ച് വർഷമായിട്ടും ലൈസൻസ് നൽകാത്തത് കുത്തകകൾ കാരണമല്ലേ എന്ന മസ്കിന്റെ ചോദ്യങ്ങൾക്കാണ് കമൽഹാസൻ മറുപടി നൽകിയത്.

SCROLL FOR NEXT