പാര്‍ഥസാരഥി എങ്ങനെ കമല്‍ ഹാസന്‍ ആയി? അക്കഥ ഇങ്ങനെ

ചെന്നൈയില്‍ പല്ലവ കാലഘട്ടത്തില്‍ പണികഴിപ്പിച്ച ക്ഷേത്രത്തിലെ പാര്‍ഥസാരഥി പ്രതിഷ്ഠയുടെ പേരായിരുന്നു കമലിന് നല്‍കിയിരുന്നത്
കമല്‍ ഹാസന്‍
കമല്‍ ഹാസന്‍Kamal Haasan
Published on
Updated on

ആറേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ഒരു സ്ത്രീയെ പണയംവച്ച് ചൂതാട്ടം നടത്തിയശേഷം രണ്ട് കുടുംബങ്ങള്‍ നടത്തിയ യുദ്ധത്തെ ആളുകള്‍ എന്തിനാണിങ്ങനെ ആഘോഷിക്കുന്നതെന്ന് കമല്‍ ഹാസന്‍ ചോദിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് അതെന്നായിരുന്നു കമലിന്റെ പക്ഷം. മഹാഭാരതത്തെയും ദ്രൗപദിയെയും അനാദരിക്കുന്നതും അവഹേളിക്കുന്നതുമാണ് കമലിന്റെ പ്രസ്താവനയെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നു. ആരാധകര്‍ പോലും താരത്തിനെതിരെ തിരിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ചീത്തവിളി നിറഞ്ഞു. ചില ഹൈന്ദവ സംഘടനകള്‍ കമലിനെതിരെ പരാതിയും നല്‍കി.

കമല്‍ ഹാസന്‍
വീണ്ടും കമല്‍ മണിരത്‌നം 'നായകന്‍' ആകുമോ?

അതിനിടെയാണ്, ഒരു ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടലില്‍ ഒരു കുറിപ്പ് വന്നത്. കമല്‍ ഹാസന്‍ മറ്റു മതങ്ങളിലെ കാര്യങ്ങള്‍ നോക്കുന്ന സമയത്ത്, സ്വന്തം മതത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്നതു കൂടി ശ്രദ്ധിക്കണമെന്ന തരത്തിലായിരുന്നു കുറിപ്പ്. 'രണ്ട് സമൂഹങ്ങള്‍ തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുക മാത്രമല്ല, സ്വന്തം മതത്തിലെ സ്ത്രീകളുടെ ഏറ്റവും മോശം സാഹചര്യങ്ങളെ മനപൂര്‍വം മറക്കുകയാണ്. മഹാഭാരതത്തിലെ ഏതെങ്കിലുമൊരു കാര്യത്തെ പരാമര്‍ശിക്കുന്നതിനു പകരം, ട്രിപ്പിള്‍ തലാഖ് ഉള്‍പ്പെടെ വിഷയങ്ങളില്‍ ശ്രദ്ധിക്കണം' എന്നിങ്ങനെയായിരുന്നു അതിലെ വിമര്‍ശനങ്ങള്‍. കമല്‍ ഹാസന്‍ മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചുള്ളതായിരുന്നു ആ കുറിപ്പ്. അതിലെ പരാമര്‍ശങ്ങള്‍ ഏറ്റുപിടിച്ച് പലരും താരത്തിനെതിരെ തിരിഞ്ഞു. എന്നാല്‍ കുറിപ്പിലേത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും, കമല്‍ ഹാസന്‍ തമിഴ് ബ്രാഹ്മണനാണെന്നും മുസ്ലീമല്ലെന്നും മനസിലാക്കിയതോടെ, ന്യൂസ് പോര്‍ട്ടല്‍ അത്രയും ഭാഗം പിന്നീട് ഒഴിവാക്കി. അതോടെ, കമല്‍ ഹാസന്‍ മുസ്ലീമല്ലേ? പിന്നെങ്ങനെ ആ പേര് ലഭിച്ചു? എന്നിങ്ങനെയായി പിന്നീടുള്ള അന്വേഷണം.

1954 നവംബര്‍ ഏഴിന് തമിഴ്‌നാടിന്റെ തെക്കുകിഴക്ക് ജില്ലയായ രാമനാഥപുരത്തെ പരമക്കുടിയില്‍ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി. ശ്രീനിവാസന്റെയും രാജലക്ഷ്മി അമ്മാളുവിന്റെയും നാല് മക്കളില്‍ നാലാമനായിട്ടാണ് കമല്‍ ഹാസന്റെ ജനനം. തമിഴ് ബ്രാഹ്മണ അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച കമലിന്, ചെന്നൈയില്‍ പല്ലവ കാലഘട്ടത്തില്‍ പണികഴിപ്പിച്ച ക്ഷേത്രത്തിലെ പാര്‍ഥസാരഥി പ്രതിഷ്ഠയുടെ പേരായിരുന്നു നല്‍കിയിരുന്നത്. കുട്ടിക്കാലത്തെ ആ വിളിപ്പേര് അച്ഛന്‍ ശ്രീനിവാസന്‍ തന്നെയാണ് പിന്നീട് മാറ്റിയത്. അതിന് പിന്നില്‍ ഏറെ പ്രചരിക്കുന്നൊരു കഥയുമുണ്ട്.

കമല്‍ ഹാസന്‍
കന്നഡ ഭാഷാ വിവാദം: കമല്‍ ഹാസന്‍ മാപ്പ് പറഞ്ഞില്ല, 'തഗ് ലൈഫ്' വിലക്കി ചേംബര്‍

കോണ്‍ഗ്രസ് നേതാവായിരുന്ന ശ്രീനിവാസന്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ സജീവമായിരുന്നു. അതിന്റെ പേരില്‍ ഒരിക്കല്‍ ജയിലിലുമായി. അന്ന് അദ്ദേഹത്തോടൊപ്പം സ്വാതന്ത്ര്യസമര സേനാനികളായ നിരവധിപ്പേര്‍ ജയിലിലുണ്ടായിരുന്നു. അതിലൊരാള്‍ യാക്കൂബ് ഹസന്‍ എന്നയാളായിരുന്നു. ജയില്‍വാസ വേളയില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായി. അതിനിടെ, യാക്കൂബ് ജയിലില്‍ മരിച്ചു. ആ മരണം ശ്രീനിവാസനെ വല്ലാതെ ഉലച്ചു. ആ ആത്മബന്ധത്തിന്റെ ഓര്‍മയെന്നോണമാണ് മക്കളുടെ പേരുകള്‍ക്കൊപ്പം ഹസന്‍ എന്ന വാക്ക് ശ്രീനിവാസന്‍ ചേര്‍ത്തത്. കാലാന്തരത്തില്‍ അത് ഹാസനായി മാറിയെന്നാണ് കഥ.

യാക്കൂബ് ഹസന്‍ കഥ അത്ര ആധികാരികമല്ലെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. താമര എന്നര്‍ത്ഥമുള്ള കമലം, നര്‍മം, ചിരി എന്നൊക്കെ അര്‍ത്ഥം വരുന്ന ഹാസ്യം എന്നീ സംസ്കൃത വാക്കുകള്‍ ചേര്‍ന്നുള്ള പേര്, എന്നാണ് കമല്‍ ഹാസന്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് ഒരിക്കല്‍ നല്‍കിയ മറുപടി. കഥ എന്താണെങ്കിലും, ചാരുഹാസന്‍, ചന്ദ്രഹാസന്‍, കമല്‍ ഹാസന്‍, സുഹാസിനി തുടങ്ങി അനു ഹാസന്‍, ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ എന്നിങ്ങനെ അടുത്ത തലമുറയിലേക്കും ആ രണ്ടാംപേര് തുടര്‍ന്നു. അതിലിപ്പോള്‍ ജാതിയോ മതമോ നോക്കുന്നവര്‍ക്ക് അത് തുടരാമെന്നുമാത്രം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com