രാം ചരൺ, ജാൻവി കപൂർ 
ENTERTAINMENT

രാം ചരണിനൊപ്പം ഡാൻസ് ചെയ്യൂ, ശരീര ഭാരം താനെ കുറയും: ജാൻവി കപൂർ

രാം ചരൺ - ജാൻവി കപൂർ ചിത്രം 'പെദ്ധി' ജൂൺ നാലിനാണ് ആഗോള തലത്തിൽ തിയേറ്ററുകളിലെത്തുന്നത്

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരൂ: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'പെദ്ധി'. 2026 ജൂൺ നാലിനാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തുക. ബോളിവുഡ് നടി ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം ബെഗളൂരുവിൽ നടന്ന പ്രസ് മീറ്റിൽ നടി പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കപ്പെടുകയാണ്. ശരീര ഭാരം കുറയ്ക്കുന്നതിനെപ്പറ്റിയായിരുന്നു തമാശ രൂപേണയുള്ള ജാൻവിയുടെ പരാമർശം.

ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പവഴി രാം ചരണിനൊപ്പം സോങ് സീക്വൻസിൽ അഭിനയിക്കുന്നതാണെന്നാണ് നടി പറഞ്ഞത്. "എനിക്ക് തരാൻ പറ്റുന്ന ഏറ്റവും മികച്ച വെയ്റ്റ് ലോസ് ടിപ് ഞാൻ നിങ്ങൾക്ക് തരാം. രാം ചരൺ സാറുമായി ഒരു ഗാനത്തിൽ ഡാൻസ് ചെയ്യാൻ ശ്രമിക്കൂ. പകുതി ദിവസമാകുമ്പോഴേക്കും നിങ്ങൾ മെലിഞ്ഞുപോകും," ജാൻവി പറഞ്ഞു. രാം ചരണിനൊപ്പം ഡാന്‍സ് ചെയ്ത നർത്തകർ ദിവസങ്ങള്‍ക്കകം മെലിഞ്ഞതായി താന്‍ കണ്ടുവെന്നും ജാന്‍വി കപൂര്‍ കൂട്ടിച്ചേർത്തു.

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന ആണ് 'പെദ്ധി' സംവിധാനം ചെയ്യുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമാണം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

സിനിമയുടെ ട്രെയ്‌‌ലർ അടുത്തിടെയാണ് പുറത്തുവന്നത്. ട്രെയ്‌ലറിൽ ജാൻവിയുടെ ഭാഗങ്ങൾക്ക് കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ശരീരപ്രദർശനത്തിന് മാത്രമാണ് സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളെ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് പ്രധാന വിമർശനം.

SCROLL FOR NEXT