

കൊച്ചി: 'ചാന്ദ് മേരാ ദിൽ' എന്ന ബോളിവുഡ് ചിത്രത്തിലെ അനന്യ പാണ്ഡേയുടെ 'ഫ്യൂഷൻ ഭരതനാട്യ'മാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. നിരവധി പേരാണ് അനന്യയെ വിമർശിച്ചും പരിഹസിച്ചും പോസ്റ്റുകളിടുന്നത്. ഇപ്പോഴിതാ, അനന്യ പാണ്ഡേക്കെതിരെ കോൺഗ്രസ് വക്താവ് ഡോ. ഷമാ മുഹമ്മദും രംഗത്തെത്തിയിരിക്കുന്നു. രൂക്ഷമായ ഭാഷയിലാണ് ഷമയുടെ പ്രതികരണം.
"എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നൃത്തരൂപമായ ഭരതനാട്യത്തെ അനന്യ പാണ്ഡേ കൊന്നിരിക്കുന്നു. ഏഴാം വയസ് മുതൽ 13ാം വയസ് വരെ ഞാൻ ഭരതാനാട്യം പഠിച്ചതാണ്. കുവൈത്തിൽ വച്ച് അരങ്ങേറ്റവും നടത്തിയിരുന്നു. പിന്നീട് ഞാനത് വിട്ടു. ശാസ്ത്രീയ നൃത്തങ്ങൾ ഏറെ നാളെടുത്ത് കൃത്യമായി പഠിച്ചെടുക്കേണ്ടതാണ്. അല്ലാതെ മിസ് പാണ്ഡേയ്ക്ക് വേണ്ടി അത് പെട്ടെന്ന് നിർമിച്ചെടുക്കാൻ കഴിയില്ല! ദയവായി ഭരതനാട്യം പോലെ മനോഹരമായ ഒരു കലയെ ഇനി ഒരിക്കലും അപമാനിക്കരുത്," എന്നാണ് ഷമാ മുഹമ്മദ് എക്സിൽ കുറിച്ചത്.
സിനിമയിൽ അനന്യയുടെ കഥാപാത്രം ക്ലാസിക്കൽ നൃത്തം ചെയ്യുന്ന രംഗം ഇന്റർനെറ്റിൽ പ്രചരിച്ചതിന് പിന്നാലെ ട്രോളുകളുടെ പെരുമഴയാണ്. വൈറൽ രംഗത്തിൽ, ഭരതനാട്യ നർത്തകിയുടെ വേഷത്തിൽ എത്തുന്ന നടി വികലമായാണ് ചുവടുവയ്ക്കുന്നതെന്നാണ് വിമർശനം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഭരതനാട്യം പോലൊരു നൃത്തരൂപത്തെ കളിയാക്കുന്നതാണ് ഈ രംഗമെന്നാണ് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്. അനന്യയുടെ അഭിനയ മികവിനെ ചോദ്യം ചെയ്തും നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്.
വിവേക് സോണി സംവിധാനം ചെയ്ത 'ചാന്ദ് മേരാ ദിൽ' മെയ് 22നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ലക്ഷ്യയാണ് ചിത്രത്തിലെ നായകൻ. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ മേത്ത, സോമൻ മിശ്ര, മരീഷ്കെ ഡിസൂസ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തുഷാർ പരാഞ്ച്പെ, വിവേക് സോണി എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്.