വിജയ് ചിത്രം 'ജന നായകൻ' Source: X
ENTERTAINMENT

'ജന നായക'ന് തിരിച്ചടി; നിർമാതാക്കളുടെ ഹർജി തള്ളി സുപ്രീം കോടതി

അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു

Author : ശ്രീജിത്ത് എസ്

ന്യൂ ഡൽഹി: വിജയ് നായകനായ 'ജന നായകൻ' സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ നിർമാതാക്കളുടെ ഹർജി തള്ളി സുപ്രീം കോടതി. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് നൽകിയ ഹർജിയാണ് തള്ളിയത്. സിനിമയ്ക്ക് ഉടനടി സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജനുവരി 20ന് വിഷയത്തിൽ തീരുമാനം എടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

അതിവേഗതയിലാണ് നിർമാതാക്കള്‍ കോടതിയെ സമീപിച്ചതെന്നും സെന്‍സര്‍ ബോര്‍ഡിന് മറുപടി നൽകാൻ മതിയായ സമയം നല്‍കിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സിനിമയുടെ റിലീസ് വൈകിയാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു നിർമാതാക്കളുടെ മറുപടി. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിങ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ചെയർമാന്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

സെൻസർ സർട്ടിഫിക്കേഷൻ പ്രശ്നം കാരണം സിനിമയുടെ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ജനുവരി ഒൻപതിന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമ ഇനി എന്ന് തിയേറ്ററുകളിലേക്ക് എത്തും എന്ന കാര്യത്തിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം നിർണായകമാകും. വിജയ് രാഷ്ട്രീയത്തിൽ സജീവമായി ഇറങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ 'ജന നായക'നായി കാത്തിരിക്കുന്നത്.

SCROLL FOR NEXT