ബെംഗളൂരൂ: തമിഴ്നാടും കർണാടകയും തമ്മിൽ കാവേരി നദീജല തർക്കം രൂക്ഷമാകുന്നതിനിടെ 'ജന നായകൻ' സിനിമയ്‌ക്കെതിരെയും പ്രതിഷേധം. തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ചിത്രത്തിന്റെ പ്രദർശനം ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി തിയേറ്ററുകളിൽ നിർത്തിവച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ തിയേറ്റർ ഉടമകൾ സ്വമേധയാ പ്രദർശനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു.
ജൂലൈ 23ന് റിലീസ് ചെയ്ത ചിത്രം കർണാടകയിൽ 150 ഓളം തിയേറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഇതിൽ 75 സിംഗിൾ സ്ക്രീനുകളും 50 മൾട്ടിപ്ലക്സ് സ്ക്രീനുകളും ഉൾപ്പെടുന്നു. തമിഴ്‌നാടിന് കാവേരിയില്‍ നിന്ന് ജലം വിട്ടുകൊടുക്കണമെന്ന കാവേരി ജല നിയന്ത്രണ സമിതിയുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെ വിജയ് ചിത്രത്തിന്റെ പ്രദർശനം പ്രതിസന്ധിയിലായിരിക്കുകയാണ്.
വിവിധ കന്നഡ സംഘടനകളും കർഷക കൂട്ടായ്മകളും നടത്തിയ പ്രതിഷേധത്തിൽ ബെംഗളൂരു, മൈസൂരു തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ തിയേറ്ററുകളിൽ സിനിമയുടെ പ്രദർശനം നിർത്തിവച്ചു. തിയേറ്ററുകൾക്ക് മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടുകയും തമിഴ് സിനിമകളുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സിനിമ കാണാൻ എത്തുന്നവരുടേയും തിയേറ്ററുകളുടെയും സുരക്ഷ മുൻനിർത്തിയാണ് ഷോകൾ റദ്ദാക്കാൻ നിർബന്ധിതരായതെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു.
ബെംഗളൂരുവിലെ ഉർവശി തിയേറ്ററിൽ പൊലീസ് നിർദേശത്തെത്തുടർന്നാണ് 'ജന നായകൻ' പ്രദർശനം നിർത്തിവച്ചത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് തിയേറ്റർ ജീവനക്കാർ ചിത്രത്തിന്റെ പോസ്റ്ററുകളും കട്ടൗട്ടുകളും നീക്കം ചെയ്തു. കൂടാതെ ഷെഡ്യൂൾ ചെയ്ത ഷോകൾക്ക് പകരം കന്നഡ ചിത്രമായ 'കരാവലി' പ്രദർശിപ്പിക്കുകയും ചെയ്തു.
മാണ്ഡ്യ ജില്ലയിലാണ് പ്രതിഷേധം ശക്തം. സിനിമയുടെ പോസ്റ്ററുകൾ വ്യാപകമായി കീറിയ പ്രതിഷേധക്കാർ തിയേറ്ററുകളോട് ഷോകൾ റദ്ദാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
സിനിമയുടെ പ്രദർശനം റദ്ദാക്കിയ സാഹചര്യത്തിൽ കർണാടക ഫിലിം ചേംബർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
അടുത്ത 15 ദിവസത്തേക്ക് തമിഴ്‌നാട്ടിലേക്ക് പ്രതിദിനം 3,500 ക്യുസെക്‌സ് വെള്ളം തുറന്നുവിടണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ ശുപാർശ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് കർണാടകയിലെ പ്രതിഷേധം. സംസ്ഥാനം രൂക്ഷമായ ജലക്ഷാമം നേരിടുമ്പോൾ വെള്ളം വിട്ടുനൽകുന്നത് കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.