രാം ചരണിന്റെ ജാപ്പനീസ് ആരാധകർ  
ENTERTAINMENT

രാം ചരൺ ചിത്രം കാണാൻ ടോക്കിയോയിൽ നിന്ന് ഹൈദരാബാദിലേക്ക് | വീഡിയോ വൈറൽ

മാസാമി, ക്രിസ് എന്നിവരുടെ തിയേറ്റർ റെസ്പോൺസ് വീഡിയോ ഇപ്പോൾ വൈറലാണ്

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: ബോക്സ് ഓഫീസിൽ ഗംഭീര കളക്ഷൻ നേടി മുന്നേറുകയാണ് രാം ചരൺ നായകനായ തെലുങ്ക് ചിത്രം 'പെദ്ധി'. സിനിമയിലെ രാം ചരണിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം ആദ്യ ദിനം മാത്രം ആഗോള തലത്തിൽ 135 കോടി ഗ്രോസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. നടന്റെ ഏറ്റവും വലിയ സോളോ ഓപ്പണിങ് ആണിത്. ഈ നേട്ടം ആഘോഷമാക്കുകയാണ് ചരൺ ആരാധകർ. അവർക്കൊപ്പം 'പെദ്ധി' കാണാനായി ജപ്പാനിൽ നിന്ന് ഹൈദരാബാദിലേക്ക് എത്തിയ രണ്ട് പേർ കൂടിയുണ്ട്. രണ്ട് കട്ട രാം ചരൺ ഫാൻസ്! ഇവരുടെ തിയേറ്റർ റെസ്പോൺസ് വീഡിയോ ഇപ്പോൾ വൈറലാണ്.

മാസാമി, ക്രിസ് എന്നീ ജാപ്പനീസ് ആരാധകർ 'പെദ്ധി' കണ്ടതിന് ശേഷം തിയേറ്ററിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. സിനിമ കണ്ടതിന്റെ ആവേശം പങ്കുവയ്ക്കുന്ന ഇവർ 'പെദ്ധി'യിലെ 'റയ് റയ് റാ റാ', 'മാസ മാസ' എന്നീ പാട്ടുകൾ പാടുകയും ചെയ്യുന്നുണ്ട്. ഹൈദരാബാദിലുള്ള ഒരു സുഹൃത്തിനൊപ്പമാണ് ഇവർ സിനിമ കാണാൻ എത്തിയത്. ഇവർ 'പെദ്ധി' ഇപ്പോൾ തന്നെ രണ്ട് വട്ടം കണ്ടുകഴിഞ്ഞെന്നും ഇനിയും 10 തവണ കൂടി കാണാനാണ് ഇവരുടെ പ്ലാൻ എന്നും ഈ സുഹൃത്ത് വീഡിയോയിൽ പറയുന്നുണ്ട്.

ജോലിസ്ഥലത്തുനിന്നും അഞ്ച് ദിവസത്തെ അവധിയെടുത്താണ് 'പെദ്ധി' കാണാനായി മാസാമിയും ക്രിസും ഇന്ത്യയിലേക്ക് എത്തിയത്. സിനിമയുടെ റിലീസിന് രണ്ട് ദിവസം മുമ്പ് തന്നെ ഇവർ ഹൈദരാബാദിൽ എത്തിയിരുന്നു.

രാം ചരൺ ചിത്രങ്ങളായ 'ആർ.ആർ.ആർ', 'രംഗസ്ഥലം' എന്നിവയ്ക്ക് ജപ്പാനിൽ ശക്തമായ ഒരു ആരാധകവൃന്ദമുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി നടനെ നേരിൽ കാണുന്നതിനായി നിരവധി ജാപ്പനീസ് ആരാധകരാണ് ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത്.  ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത 'പെദ്ധി'യും ആഗോളതലത്തിൽ തരംഗമാകുകയാണ്.

SCROLL FOR NEXT