തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' റിലീസിന് തയ്യാറെടുക്കുകയാണ്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ആക്ഷൻ ഹീസ്റ്റ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് ജേസണും സംഘവും. ഇതിനിടയിൽ, വിജയ് 'സിഗ്മ' പ്രൊമോഷന്റെ ഭാഗമാകുമോ എന്നൊരു ചോദ്യം ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ ജേസൺ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രി എന്ന നിലയിലുള്ള തിരക്കുകളും ഉത്തരവാദിത്തങ്ങളും ഉള്ളതിനാൽ അച്ഛൻ (വിജയ്) 'സിഗ്മ'യുടെ പ്രൊമോഷനുകളുടെ ഭാഗമാകില്ലെന്നും സിനിമ റിലീസാകുമ്പോൾ കാണാനായി കാത്തിരിക്കുകയാണെന്നും ജേസൺ സഞ്ജയ് വ്യക്തമാക്കി. സിനിമാ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
"അദ്ദേഹം (വിജയ്) ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്.. ഈ സിനിമയുടെ പ്രൊമോഷനുകൾ സിനിമയെക്കുറിച്ച് മാത്രം ആയിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്. അദ്ദേഹം ഇപ്പോൾ ഒരു മുഖ്യമന്ത്രിയാണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഞാൻ എന്താണ് ചെയ്തിരിക്കുന്നത് എന്ന് കാണാൻ അദ്ദേഹം വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്..," ജേസൺ പറഞ്ഞു.
മകന്റെ കരിയറിന് വിജയ് നൽകിയ സംഭാവന എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ലളിതമായിരുന്നു ജേസന്റെ മറുപടി - "അദ്ദേഹം എനിക്ക് തന്നത് അദ്ദേഹത്തിന്റെ ആരാധകരെയാണ്."
ഒക്ടോബർ രണ്ടിനാണ് ജേസൺ സഞ്ജയ് ചിത്രം 'സിഗ്മ' ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രത്തിൽ സന്ദീപ് കിഷനും ഫാരിയ അബ്ദുള്ളയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു ദാസൻ, യോഗി ബാബു, മഹാലക്ഷ്മി, ഷീല രാജ്കുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തമൻ ആണ് സംഗീതം ഒരുക്കുന്നത്.
കൃഷ്ണൻ വസന്ത് ആണ് 'സിഗ്മ'യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: തമൻ എസ്, എഡിറ്റർ: പ്രവീൺ കെ.എൽ, കോ ഡയറക്ടർ: സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ്: അരുൺ പ്രസാദ്. ചിത്രത്തിന്റെ ഓഡിയോ, ട്രെയ്‌ലർ ലോഞ്ച് ചടങ്ങുകൾ സെപ്റ്റംബർ 18ന് ചെന്നൈയിൽ വച്ച് നടക്കും.