Source: X
ENTERTAINMENT

ആദ്യം തിയേറ്ററിൽ കണ്ടത് അച്ഛന്റെ സിനിമ, സംവിധായകനാകാൻ പ്രചോദനമായത് വിഖ്യാത ബ്രസീലിയൻ ചിത്രം; മനസുതുറന്ന് ജേസൺ സഞ്ജയ്

ഒക്ടോബർ രണ്ടിനാണ് ജേസൺ സഞ്ജയ് സംവിധാനം ചെയ്ത ആദ്യ ചിത്രം 'സിഗ്മ' ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സിഗ്മ'. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രീ-റിലീസ് ഇവന്റ് നടന്നത്. സേലത്ത് നടന്ന ചടങ്ങിൽ സിനിമയോടുള്ള തന്റെ താൽപ്പര്യം വളർത്തിയെടുത്ത ആദ്യകാല സ്വാധീനങ്ങളെക്കുറിച്ചും ജേസൺ സഞ്ജയ് മനസുതുറന്നു.

"ഞാൻ തിയേറ്ററിൽ കണ്ട ആദ്യത്തെ ചിത്രം 'തിരുമലൈ' ആണ്. അന്ന് എനിക്ക് മൂന്ന് വയസായിരുന്നു പ്രായം," ജേസൺ ഓർത്തെടുത്തു. വിജയ്‌യും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തിയ 'തിരുമലൈ' 2003ലാണ് റിലീസ് ചെയ്തത്.

എന്നാൽ, ഒരു സംവിധായകനാകണം എന്ന ആഗ്രഹം ജേസണിൽ ശക്തമാക്കിയത് വിജയ് ചിത്രങ്ങളല്ല; വിഖ്യാതമായൊരു ബ്രസീലിയൻ ക്രൈം ഡ്രാമയാണ് - 'സിറ്റി ഓഫ് ഗോഡ്'. ഇക്കാര്യവും ജേസൺ വെളിപ്പെടുത്തി. അവതാരകയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യുവ സംവിധായകൻ.

ഒക്ടോബർ രണ്ടിനാണ് ജേസൺ സഞ്ജയ് ചിത്രം 'സിഗ്മ' ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ഈ ആക്ഷൻ ഹീസ്റ്റ് ത്രില്ലർ ചിത്രത്തിൽ സന്ദീപ് കിഷനും ഫാരിയ അബ്ദുള്ളയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

കൃഷ്ണൻ വസന്ത് ആണ് 'സിഗ്മ'യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: തമൻ എസ്, എഡിറ്റർ: പ്രവീൺ കെ.എൽ, കോ ഡയറക്ടർ: സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ്: അരുൺ പ്രസാദ്.

SCROLL FOR NEXT