കൊച്ചി: തമിഴ് സിനിമയില്‍ തുടങ്ങി ബോളിവുഡില്‍ കത്തിക്കയറുന്ന അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ഒരു പരസ്യമാണ് ഇപ്പോള്‍ സൈബർ ഇടങ്ങളില്‍ ചർച്ചാ വിഷയം. ഫുഡ് ബ്രാന്‍ഡായ 'ചിങ്‌സി'നു വേണ്ടി 150 കോടി രൂപ ബജറ്റിലാണ് ഈ പരസ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. പരസ്യത്തിന്റെ പൂർണരൂപം കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതോടെ ഇത്തരം ഒരു പരസ്യത്തിന് ഇത്രയും വലിയ ഒരു ബജറ്റും ക്രൂവും ആവശ്യമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
വന്‍ താരനിരയാണ് അറ്റ്‍ലിയുടെ 'ചിങ്‌സ്' പരസ്യത്തില്‍ അണിനിരക്കുന്നത്. രൺവീർ സിംഗ്, ബോബി ഡിയോൾ, ശ്രീലീല എന്നിവർ പരസ്യത്തില്‍ എത്തുന്നു. ഒരു ആക്ഷൻ ത്രില്ലർ സ്പൈ സിനിമ സ്വഭാവത്തിലാണ് 8 മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യചിത്രം. ഒരു 'മിനി ജവാന്‍' തന്നെയാണല്ലോ ഈ പരസ്യം എന്നാണ് ആരാധകർ ചോദിക്കുന്നത്.
അടുത്തിടെ റിലീസായ പല ബോളിവുഡ് ചിത്രങ്ങളുടെ നിർമാണ ചെലവിനെയും 'ചിങ്സ് ദേസി ചൈനീസ്' പരസ്യത്തിന്റെ ബജറ്റ് മറികടന്നിരിക്കുകയാണ്. ഉദാഹരണത്തിന്, വിക്കി കൗശലിന്റെ 'ഛാവ' 130 കോടി രൂപ ബജറ്റിലാണ് നിർമിച്ചത്. 600 കോടിയില്‍ അധികം രൂപയാണ് ഈ പീരീഡ് ഡ്രാമ ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തത്. റെയ്ഡ് 2 (₹120 കോടി), സ്ത്രീ 2 (₹60 കോടി), സൈയ്യാര (₹45 കോടി) തുടങ്ങിയ സിനിമകളും ബജറ്റിന്റെ കാര്യത്തില്‍ അറ്റ്‍ലിയുടെ പരസ്യത്തേക്കാള്‍ ബഹുദൂരം പിന്നിലാണ്.
അറ്റ്‌ലി സംവിധാനം ചെയ്തിരിക്കുന്ന ഈ പരസ്യത്തിന്റെ നിർമാണം ആശിഷ് വി പാട്ടില്‍ ആണ്. സുധാംശു കുമാർ, ഇഷ എസ് കുമാർ എന്നിവരാണ് സഹനിർമാണം. ജികെ വിഷ്ണു ആണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. എ ഫോർ ആപ്പിള്‍ ആണ് തിരക്കഥ. എഡിറ്റിങ് റൂബനും ആക്ഷന്‍ ഡയറക്ഷന്‍ കെവിന്‍ കുമാറുമാണ്. ആക്ഷന്‍ മാത്രമല്ല, മികച്ച സാങ്കേതിക പ്രവർത്തകരെ ഉപയോഗിച്ചാണ് പരസ്യത്തിന്റെ ബാക്ക് ഗ്രൌണ്ട് സ്കോറും സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശങ്കർ എഹ്സാന്‍ ലോയ് ആണ് ഒറിജിനല്‍ സോങ് കംപോസ് ചെയ്തത്. വരികള്‍ ഗുല്‍സാർ. അർജിത് സിംഗ് ആണ് ഈ ഗാനം ആലപിച്ചിരക്കുന്നത്. ഒരു റാപ്പ് ഭാഗം രണ്‍വീർ സിംഗും പാടിയിട്ടുണ്ട്.