സംവിധായകൻ ജീത്തു ജോസഫ് Source: News Malayalam 24x7
ENTERTAINMENT

ജോർജു കുട്ടിയുടെ ഒരുവിധം പ്രശ്നങ്ങളൊക്കെ കഴിഞ്ഞു, 'ദൃശ്യം 3' കുറച്ചുകൂടി ഇമോഷണലാണ്: ജീത്തു ജോസഫ്

ഏപ്രിൽ രണ്ടിനാണ് 'ദൃശ്യം 3' തിയേറ്ററുകളിലേക്ക് എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ് - മോഹൻലാൽ കോംബോയിൽ ഒരുങ്ങുന്ന 'ദൃശ്യം 3'. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 'ദൃശ്യം 3' ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ, സിനിമയെപ്പറ്റി മനസുതുറന്നിരിക്കുകയാണ് ജീത്തു ജോസഫ്.

" 'ദൃശ്യം' പോലെയല്ല 'ദൃശ്യം 2'. അതുപോലെ അല്ല 'ദൃശ്യം 3'. കുറച്ചുകൂടി ഇമോഷണലാണ്. ജോർജു കുട്ടിയുടെ കുടുംബത്തിലേക്കാണ് ഇത്തവണ ഇറങ്ങുന്നത്. ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞു. കിട്ടേണ്ടവർക്കൊക്കെ കിട്ടി. ഇനി എന്താണ് സാധ്യത എന്നാണ് ഈ ഭാഗത്തിൽ നോക്കിയത്," ജീത്തു ജോസഫ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ത്രില്ലർ ഴോണറിന് ഇടവേളകൊടുത്ത് വേറിട്ട സിനിമകൾ ചെയ്യാൻ ഒരുങ്ങുകയാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവരാണ് 'ദൃശ്യം 3'ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'ദൃശ്യം 3'യുടെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. 2013 ഡിസംബർ 19ന് പുറത്തിറങ്ങിയ 'ദൃശ്യം' മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. 2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത രണ്ടാം ഭാഗത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമയുടെ മൂന്നാം ഭാഗത്തിൽ എന്താകും സംഭവിക്കുക എന്ന ആകംക്ഷയിലാണ് ആരാധകർ.

അതേസമയം, ക്രൈം ഡ്രാമ ഴോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'വലതുവശത്തെ കള്ളൻ' ജനുവരി 30ന് തിയേറ്ററുകളിൽ എത്തും. ബിജു മേനോനും ജോജു ജോര്‍ജും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.

SCROLL FOR NEXT