പേളി മാണി, സിബി മലയിലിന് ഒപ്പം ജോ 
ENTERTAINMENT

"ആ 'പരാജയപ്പെട്ട സിനിമാക്കാരൻ' എന്റെ അച്ഛനാണ്, ആളറിഞ്ഞ് കളിക്കൂ"; പേളി മാണിക്ക് മറുപടിയുമായി ജോ സിബി മലയിൽ

വിദ്യാർഥി പ്രക്ഷോഭത്തെപ്പറ്റിയുള്ള പേളി മാണിയുടെ പോസ്റ്റിനെ രൂക്ഷമായ ഭാഷയിൽ ജോ വിമർശിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ താൻ സ്വീകരിച്ച നിലപാടിനെ വിമർശിച്ച സംവിധായകൻ സബി മലയിലിന്റെ മകൻ ജോ മലയിലിനെ അധിക്ഷേപിച്ചുള്ള പേളി മാണിയുടെ പ്രതികരണം വിവാദമാകുന്നു. 'പരാജയപ്പെട്ട സിനിമാക്കാരൻ' എന്ന് സിബി മലയിലിനെ പേളി വിശേഷിപ്പിച്ചുവെന്നാണ് ആരോപണം. ഇതിന് മറുപടിയുമായി ജോയും രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് ചൂടുപിടിച്ചിരിക്കുകയാണ്.

"ഹേയ് മമ്മാ ബെയർ.... ആ പരാജയപ്പെട്ട സിനിമാക്കാരൻ എന്റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് ആദ്യം ഒന്ന് മനസിലാക്കുന്നത് നല്ലതാണ്. എന്റെ ഏഴ് സ്ലൈഡുകൾ വായിക്കാൻ പോലും നിങ്ങൾക്ക് മടിയാണോ? 57 ലക്ഷം ഫോളോവേഴ്സ് നിങ്ങളുടെ പാതിവെന്ത നയതന്ത്രം വായിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾക്ക്, ഏഴ് സ്ലൈഡുകൾ വായിക്കുന്നത് ഇത്ര വലിയ പണിയാണോ? നിങ്ങൾ ഈ വിഷയം വ്യക്തിപരമാക്കിയ സ്ഥിതിക്ക് കളി തുടങ്ങാം. നിങ്ങളുടെ പിതാവിനെപ്പോലെയല്ല, ആ പരാജയപ്പെട്ട ഫിലിംമേക്കർ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്. അദ്ദേഹത്തിന്റെ പേര് സിബി മലയിൽ എന്നാണ്. മുന്നോട്ടു വരൂ. നിങ്ങളുടെ കഴിവിന്റെ പരമാവധി കാണിക്ക്.

തെറ്റായി ചിത്രീകരിക്കപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നത് എന്തോ വലിയ കുറ്റമാണത്രേ. പേടിയില്ലാത്തവരെ അപമാനിക്കാൻ കഴിയില്ലെന്നതാണ് സത്യം. അതൊരു പാഠമായി വേറൊരു ദിവസത്തേക്ക് മാറ്റിവെക്കാം. ഞാൻ ഒരു തെറ്റ് ചൂണ്ടിക്കാണിച്ചു, അത്രമാത്രം. അല്ലാതെ ഇതൊരു ജീവിതചര്യയാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമല്ല.

ജോ സിബി മലയിലിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

അവരെ ഫോളോ ചെയ്യാനോ അൺഫോളോ ചെയ്യാനോ ആഗ്രഹിക്കുന്നവർക്ക് സ്വന്തം ഇഷ്ടപ്രകാരം അത് ചെയ്യാം. അവർക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളെ ഞാൻ യാതൊരു കാരണവശാലും പിന്തുണയ്ക്കില്ല. അത് എന്റെ ലക്ഷ്യവുമല്ലായിരുന്നു. എന്നാൽ അസംബന്ധത്തെ അസംബന്ധം എന്ന് വിളിക്കുന്നത് ആളുകളെ ചൊടിപ്പിക്കുന്നുണ്ടെങ്കിൽ, അത് അങ്ങനെ തന്നെയാകട്ടെ. എനിക്ക് ഇനി ഇതിൽ കൂടുതലൊന്നും പറയാനില്ല. ഗുഡ് നൈറ്റ്! കാര്യം എന്തുതന്നെയായാലും, നമ്മുടെ പിന്തുണ ആവശ്യമുള്ളവർക്കായി നമുക്ക് ഒന്നിച്ച് കരുത്തോടെ നിൽക്കാം. സ്വന്തം ആളുകളെപ്പോലെ പരസ്പരം സ്നേഹിക്കുക. പ്രളയകാലത്തും മഹാമാരിയുടെ സമയത്തും നാം പരസ്പരം കൈകോർത്തവരാണ്. നമ്മുടെ കുട്ടികൾക്കായി നമുക്ക് അത് വീണ്ടും ചെയ്യാം. ജയ് ഹിന്ദ്! പിൻകുറിപ്പ്: വ്യക്തിപരമായ ഏതൊരു അധിക്ഷേപവും നിയമപരമായി തന്നെ നേരിടുന്നതായിരിക്കും," എന്നായിരുന്നു ജോ സിബി മലയിലിന്റെ മറുപടി.

നീറ്റ് യുജി പരീക്ഷാക്രമക്കേടുകൾക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥികളോട് സുരക്ഷിതരായിരിക്കാനും ജീവന്‍ അപകടത്തിലാക്കാതെ വീട്ടിലേക്ക് മടങ്ങാനും പറഞ്ഞുകൊണ്ടുള്ള പേളിയുടെ പോസ്റ്റിനെയാണ് ജോ വിമർശിച്ചത്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീരരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ശവകുടീരങ്ങളിൽ തുപ്പുകയാണ് പേളി ചെയ്തതെന്നാണ് തന്റെ കുറിപ്പിൽ ജോ എഴുതിയത്. "ഈ കെടുകാര്യസ്ഥതയുള്ള സർക്കാരിന്റെ പിടിപ്പുകേട് കാരണം ജീവൻ നഷ്ടപ്പെട്ട ഓരോ വിദ്യാർഥിയെയും നിങ്ങൾ അപമാനിക്കുകയായിരുന്നു. നിങ്ങൾ ഇത്രയും സ്വാതന്ത്ര്യത്തോടെ ഈ മണ്ണിൽ നിൽക്കുന്നതും ഈ മണ്ടൻ പോസ്റ്റ് എഴുതിയതും ഭൂരിപക്ഷം ആളുകളും നിങ്ങളെപ്പോലെ ചിന്തിക്കാതിരുന്നതുകൊണ്ടാണ്," ജോ കുറിച്ചു. തന്റെ പോസ്റ്റിനായി പേളി തിരഞ്ഞെടുത്ത കാവി നിറത്തെപ്പറ്റിയും ജോ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ പേളിയുടെ മറുപടി എത്തി.

"എന്റെ പോസ്റ്റിനൊപ്പം ഒരു മുന്നറിയിപ്പ് നൽകേണ്ടിയിരുന്നു എന്ന് തോന്നുന്നു! അത് പലരെയും അസ്വസ്ഥരാക്കി. അത് എത്രയധികം പേരെയാണ് പ്രകോപിപ്പിച്ചത്! എനിക്ക് സമാധാനവും സുരക്ഷിതത്വവും അഹിംസയുമാണ് വേണ്ടത്! ഇവരൊക്കെ ആരാണെന്നോർത്ത് എനിക്ക് ആകാംക്ഷ തോന്നുന്നു. ഒരു പരാജയപ്പെട്ട സിനിമാക്കാരൻ എന്റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് ഇപ്പോൾ ഒരു പത്ത് പേജ് തിരക്കഥയെഴുതുന്നു. അതിനെ പരമാവധി അനാരോഗ്യകരമാക്കാൻ മുളകുപൊടിയും അജിനോമോട്ടോയും ചേർക്കുന്നു !

എന്റെ രണ്ട് കുട്ടികൾ ഇപ്പോൾ സുരക്ഷിതരാണോ എന്ന് ചിലർ പരിഹാസരൂപേണ ചോദിക്കുന്നുണ്ട്. അവർ പെൺകുട്ടികളാണെന്ന് എന്നെ ഓർമിപ്പിച്ചുകൊണ്ട്... അതെ, അവർ പെൺകുട്ടികളാണെന്ന് എനിക്കറിയാം. അതുകൊണ്ടെന്താ ? ഓ ! എന്റെ പ്രസ്താവന മാറ്റാൻ എന്നെ ഭീഷണിപ്പെടുത്തുകയാണോ? അതിനായി ആദ്യം അവരുടെ ഈ അമ്മപോരാളിയെ തൊടണം. നിങ്ങൾ കളിക്കുന്നത് തെറ്റായ ആളോടാണ്. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകേണ്ട കാര്യം നിങ്ങൾക്കില്ല. അത് എനിക്കിപ്പോൾ തന്നെയുണ്ട്, ഞാൻ അത് ഉപയോഗിക്കുകയും ചെയ്യും! നിങ്ങളുടെ പതിവ് പാവയല്ല ഞാൻ. ഞാൻ പേളി മാണിയാണ്. അതെ! എന്റെ പ്രിയപ്പെട്ട നിറം കാവിയാണ്," പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. എന്നാൽ, വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ഈ സ്റ്റോറി താരം ഡിലീറ്റ് ചെയ്തു.

SCROLL FOR NEXT