

കൊച്ചി: വിജയ് ചിത്രം 'ജനനായകനി'ൽ നിന്ന് തന്റെ രംഗങ്ങൾ ഒഴിവാക്കിയതിൽ വിഷമം പങ്കുവച്ച് തമിഴ് സീരിയൽ താരം ആനന്ദി അജയ്. ആദ്യം അഭിനയിച്ച ചിത്രമാണെന്നും റിലീസിനായി ഒന്നര വർഷത്തോളം കാത്തിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ നടി പറഞ്ഞു. കഴിഞ്ഞ ദിവസമാണ്, വിജയ്‌യുടെ സിനിമാജീവിതത്തിലെ അവസാന ചിത്രമായ 'ജന നായകൻ' തിയേറ്ററുകളിലേക്ക് എത്തിയത്.
"വിജയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചാണ് സിനിമയിലേക്ക് എത്തിയത്. അദ്ദേഹത്തിനൊപ്പം ഒരു സീനിൽ എത്തണമെന്നത് സ്വപ്നമായിരുന്നു. അദ്ദേഹം ഇനിയൊരു പടം ചെയ്യുമായിരുന്നെങ്കിൽ അതിൽ അഭിനയിക്കാൻ ശ്രമിക്കാമായിരുന്നു. പക്ഷേ, ഇത് അദ്ദേഹത്തിന്റെ അവസാനമാണ് ചിത്രമാണല്ലോ," ആനന്ദി വീഡിയോയിൽ പറയുന്നു. സിനിമ നന്നായിട്ടുണ്ടെന്നും സ്ത്രീ ശാക്തീകരണത്തെപ്പറ്റിയാണ് സംസാരിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.
വിജയ്‌യോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആനന്ദി. എന്നാൽ ആദ്യ ദിനം തിയേറ്ററിലെത്തി സിനിമ കണ്ടപ്പോഴാണ് താൻ അഭിനയിച്ച രംഗങ്ങൾ പൂർണമായും ഒഴിവാക്കപ്പെട്ടതായി മനസിലാക്കിയത്. ഇതിൽ മനസുതകർന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധിയാളുകൾ നടിയെ ആശ്വസിപ്പിച്ചും പിന്തുണച്ചും രംഗത്തെത്തി. "തോറ്റുകൊടുക്കരുത്, ഇത് സിനിമയിൽ സാധാരണ സംഭവിക്കുന്ന കാര്യമാണ്, മുന്നോട്ട് പോകുക" എന്നാണ് വിജയ് ആരാധകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും കമന്റ് സെക്ഷനിൽ കുറിക്കുന്നത്.
അതേസമയം, മികച്ച കളക്ഷനാണ് എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന് ആഗോളതലത്തിൽ ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 41 കോടി രൂപയാണ് ചിത്രം നേടിയത്. എന്നാൽ, തമിഴിൽ വമ്പൻ ഓപ്പണിങ് ലഭിച്ച ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ പോലും ഇടംപിടിക്കാൻ സിനിമയ്‌ക്ക് സാധിച്ചില്ലെന്നാണ് ബോക്സ്ഓഫീസ് ട്രാക്കർമാർ പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് . വിജയ്‌യുടെ മുൻ ഹിറ്റുകളായ 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (₹44 കോടി), 'ലിയോ' (₹64.80 കോടി) എന്നിവയുടെ ആദ്യദിന ആഭ്യന്തര കളക്ഷനേക്കാൾ താഴെയാണ് 'ജനനായകന്റെ' ഓപ്പണിങ് ഡേ കളക്ഷൻ.
ഏകദേശം 400 കോടി രൂപ ബജറ്റിൽ കെവിഎൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ് നിർവഹിച്ചിരിക്കുന്നത്.