കൊച്ചി: മലയാള സിനിമയിലെ പ്രമുഖ താരദമ്പതികൾക്കെതിരെ നടനും സംവിധായകനുമായ ജോജു ജോർജ് ഉന്നയിച്ച പിആർ ആരോപണങ്ങൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. മലയാളത്തിലെ ഒരു പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആർ വർക്ക് നടത്തുന്നുവെന്നാണ് ജോജുവിന്റെ ആരോപണം. പുതിയ ചിത്രം 'വരവി'ന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഇൻസ്റ്റഗ്രാം ലൈവിലാണ് നടൻ ഈ ആരോപണം ഉന്നയിച്ചത്. ഈ വിഷയത്തിൽ വ്ളോഗറും നടൻ മിഥുൻ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോന്റെ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
"ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മൾ അതിലും മുകളിലാണ് ചേട്ടാ...," എന്നാണ് ജോജുവിന്റെ ചിത്രം പങ്കുവച്ച് ലക്ഷ്മി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചത്.
ആരുടെയും പേരെടുത്ത് പറയാതെയാണ് ലൈവിൽ ജോജു ആരോപണം ഉന്നയിച്ചത്. ലക്ഷ്മിയുടെ പ്രതികരണത്തിന് പിന്നാലെ ആരാകും ഈ 'ദമ്പതികൾ' എന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സോഷ്യൽ മീഡിയ.
'വരവ്' സിനിമയുടെ റിലീസിന് പിന്നാലെ ആസൂത്രിതമായി നെഗറ്റീവ് ക്യാംപെയ്‌ൻ നടക്കുന്നുവെന്ന ജോജുവിന്റെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ജോജുവിനെ പിന്തുണച്ചും സിനിമാമേഖലയിലെ പേയ്‌ഡ് റിവ്യൂ, പിആർ സംവിധാനങ്ങൾക്കും എതിരെ പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. പല നല്ല ചിത്രങ്ങളേയും തിയേറ്ററുകളിൽ പരാജയപ്പെടുത്തുന്നത് പേയ്‌ഡ് പിആർ വർക്കാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ജോജുവിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'വരവ്' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ജോജു അഭിനയിക്കുന്ന ആദ്യ ഷാജി കൈലാസ് ചിത്രമാണ് 'വരവ്'. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ 'പോൾസൺ' എന്ന കഥാപാത്രമായാണ് നടൻ എത്തുന്നത്. ജൂൺ 12നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.