കൊച്ചി: മലയാള സിനിമയിലെ പ്രമുഖ താരദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായ നടനും സംവിധായകനുമായ ജോജു ജോർജ്. മലയാളത്തിലെ ഒരു പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആർ വർക്ക് നടത്തുന്നുവെന്നാണ് ജോജു ആരോപിച്ചിരിക്കുന്നത്. പുതിയ ചിത്രം 'വരവി'ന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു നടന്റെ ആരോപണം.
'വരവ്' സിനിമയുടെ റിലീസിന് പിന്നാലെ തനിക്കെതിരെ ആസൂത്രിതമായി നെഗറ്റീവ് ക്യാംപെയ്‌ൻ നടക്കുന്നുവെന്നും ജോജു ജോർജ് ആരോപിച്ചു. എന്നാൽ, ആരാണ് ഇതിന് പിന്നിൽ എന്ന് നടൻ വെളിപ്പെടുത്തിയില്ല. ഇതോടെ, തനിക്കെതിരെ പിആർ വർക്ക് നടത്തുന്നുവെന്ന് ജോജു ആരോപിച്ച താരദമ്പതികളെ ചുറ്റിപ്പറ്റിയായി സമൂഹമാധ്യമങ്ങളിലെ ചർച്ച.
അതേസമയം, ജോജുവിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'വരവി'ന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ജോജു അഭിനയിക്കുന്ന ആദ്യ ഷാജി കൈലാസ് ചിത്രമാണ് 'വരവ്'. 'പോൾസൺ' എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നടൻ എത്തിയത്. ജൂൺ 12നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.
ജോജുവിന് പുറമേ, വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, അഭിമന്യൂ തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, വീണ നായർ, കോട്ടയം രമേശ്, ശ്രീജിത്ത് രവി, ശർമ, ചാലി പാലാ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷാജി കൈലാസിന്റെ 'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്' എന്നീ ഹിറ്റ് ചിത്രങ്ങളുടെ രചന നിർവഹിച്ച എ.കെ. സാജൻ ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് നിർമാണം.