ജോഷ് ഡിമാരോ, ബോബ് ഐഗർ 
ENTERTAINMENT

വാൾട്ട് ഡിസ്നി കമ്പനി തലപ്പത്ത് മാറ്റം; ബോബ് ഐഗർ ഒഴിയുന്നു, ജോഷ് ഡിമാരോ പുതിയ മേധാവി

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബോബ് ഐഗർ കമ്പനിയുടെ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

ന്യൂയോർക്ക്: ഹോളിവുഡിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിൽ ഒന്നായ വാൾട്ട് ഡിസ്നിയുടെ തലപ്പത്ത് മാറ്റം. രണ്ട് പതിറ്റാണ്ടിന് ശേഷം ബോബ് ഐഗർ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. ഡിസ്നിയിൽ 28 വർഷത്തെ പ്രവൃത്തിപരിചയമുള്ള ജോഷ് ഡിമാരോ ആണ് പുതിയ മേധാവി. നിലവിൽ ഡിസ്നി എക്സ്പീരിയൻസ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത് ഡിമാരോ ആണ്.

മാർച്ച് 18ന് നടക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ജോഷ് ഡിമാരോ ബോബ് ഐഗറിന് പകരം ചുമതലയേൽക്കും. എന്റർടെയ്‌ൻമെന്റ് കോ ചെയർപേഴ്സണായ ഡാന വാൾഡൻ കമ്പനിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായും ചീഫ് ക്രിയേറ്റീവ് ഓഫീസറായും നിയമിതയാകും. നേതൃമാറ്റം സുഗമമാക്കുന്നതിനായി 2026 ഡിസംബർ 31 വരെ ബോബ് ഐഗർ സീനിയർ അഡ്വൈസറായും ബോർഡ് അംഗമായും തുടരും. അതിനു ശേഷമാകും ഐഗറുടെ വിരമിക്കൽ.

ജോഷ് ഡിമാരോ അസാധാരണമായ മികവുള്ള നേതാവാണെന്നും കമ്പനിയുടെ അടുത്ത സിഇഒ ആകാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണെന്നുമായിരുന്നു ബോബ് ഐഗറുടെ പ്രതികരണം. ഡിസ്നി എന്ന ബ്രാൻഡിന്റെ മൂല്യം തിരിച്ചറിയാനുള്ള കഴിവും, പ്രേക്ഷർക്ക് എന്താണ് വേണ്ടതെന്ന ധാരണയും ജോഷിനുണ്ടെന്നും ഐഗർ കൂട്ടിച്ചേർത്തു.

2020 മുതൽ ഡിസ്നി എക്സ്പീരിയൻസ് വിഭാഗത്തിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു വരികയാണ് ഡിമാരോ. ഇതിനുമുമ്പ് ഡിസ്‌നിലാൻഡ് റിസോർട്ടിന്റെയും വാൾട്ട് ഡിസ്‌നി വേൾഡ് റിസോർട്ടിന്റെയും പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സ്റ്റാർ വാർസ്: ഗാലക്സിസ് എഡ്ജ്, അവഞ്ചേഴ്സ് ക്യാമ്പസ്, മിക്കി ആൻഡ് മിന്നീസ് റൺവേ റെയിൽവേ, വേൾഡ് ഓഫ് ഫ്രോസൺഎന്നീ പദ്ധതികളുടെ വികസനത്തിൽ ജോഷ് പ്രധാന പങ്കുവഹിച്ചിരുന്നു.

SCROLL FOR NEXT