ENTERTAINMENT

മുരുകൻ ജനിച്ചത് ഉത്തരേന്ത്യയിലോ? റിലീസിന് മുൻപ് വിവാദമായി ജൂനിയർ എൻടിആർ ചിത്രം; നിരോധിക്കണമെന്ന് സീമാൻ

ത്രിവിക്രം, ജൂനിയർ എൻടിആർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്

Author : ന്യൂസ് ഡെസ്ക്

ജൂനിയർ എൻടിആറിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന തെലുങ്ക് ചിത്രം വിവാദമാകുന്നു. ജൂൺ 29നാണ് നിർമാതാവ് നാഗ വംശി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബിഗ് ബജറ്റിൽ എത്തുന്ന മിത്തോളജിക്കൽ ചിത്രം മുരുകന്റെ കഥയാണ് പറയുന്നതെന്നാണ് സൂചന. മുരുകന്റെ ആയുധമായ 'വേൽ' ഉൾപ്പെടുത്തിയുള്ളതായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ. ഈ പോസ്റ്ററിന് ക്യാപ്ഷനായി അണിയറപ്രവർത്തകർ പങ്കുവച്ച വരികളാണ് വിവാദങ്ങൾക്ക് വഴിവച്ചത്.

"വടക്ക് ജനിച്ചു, ഹൃദയഭൂമിയിൽ രൂപപ്പെട്ടു, തെക്ക് ആരാധിക്കപ്പെടുന്നു. ഇപ്പോൾ പ്രപഞ്ചത്തിന്റേതായി മാറാൻ പോകുന്ന ഒരു കഥ," എന്നായിരുന്നു പോസ്റ്ററിന് നൽകിയ അടിക്കുറിപ്പ്. ഇതിൽ 'വടക്ക് ജനിച്ചു' എന്ന പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇത് തമിഴ് ചരിത്രത്തെയും സംസ്കാരത്തെയും വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി നാം തമിഴർ കക്ഷി നേതാവ് സീമാൻ രംഗത്തെത്തി. സ്വന്തമായി ആരാധനാ പാരമ്പര്യങ്ങളോ സംസ്കാരമോ ഇല്ലാത്ത ചിലർ പണ്ടുമുതലേ ശിവൻ, മുരുകൻ, കണ്ണൻ, തിരുമാൽ, കൊറ്റവൈ തുടങ്ങിയ തമിഴ് ദൈവങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. കലയുടെ മറവിൽ ഉത്തരേന്ത്യയിലാണ് മുരുകൻ ജനിച്ചതെന്ന അവകാശവാദം ഉയർത്താനുള്ള ശ്രമം ഉപേക്ഷിക്കമെന്ന് സീമാൻ എക്സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.

ഇതിന് തയ്യാറാകാത്ത പക്ഷം ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാരിനോടും തിയേറ്റർ ഉടമകളോടും വിതരണക്കാരോടും നാം തമിഴർ കക്ഷി നേതാവ് ആവശ്യപ്പെട്ടു.

'മുരുകൻ' വിവാദങ്ങൾക്ക് പിന്നാലെ, പോസ്റ്ററിലെ ക്യാപ്ഷൻ അണിയറപ്രവർത്തകർ മാറ്റി. "ശിവ പുത്രൻ. പാർവതിയുടെ അഭിമാനം. നിത്യനായ സേനാധിപൻ. വീണ്ടും ത്രിവിക്രമിനൊപ്പം," എന്നാണ് മാറ്റിയ അടിക്കുറിപ്പ്.

അതേസമയം, സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ജൂനിയർ എൻടിആറോ, സംവിധായകൻ ത്രിവിക്രമോ, നിർമാതാവ് നാഗ വംശിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചിത്രത്തിന് 'ഗോഡ് ഓഫ് വാർ' (തമിഴിൽ 'പോർ കടവുൾ') എന്ന് പേരിടുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല.

ത്രിവിക്രം, ജൂനിയർ എൻടിആർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. 'അരവിന്ദ സീമന്ത വീര രാഘവ' ആണ് ഈ കോംബോയിൽ ഇറങ്ങിയ ആദ്യ ചിത്രം. അനിരുദ്ധ് രവിചന്ദർ ആകും സിനിമയുടെ സംഗീത സംവിധാനം.

SCROLL FOR NEXT