ആലിയ ഭട്ട്, ഷർവരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സ്പൈ ആക്ഷൻ ചിത്രം 'ആൽഫ'യ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്ന് പ്രതീക്ഷിച്ച കളക്ഷൻ നേടിയെടുക്കാൻ സാധിച്ചിട്ടില്ല. ശിവ് റവയിൽ സംവിധാനം ചെയ്ത ചിത്രം ആദ്യ മൂന്ന് ദിവസം കൊണ്ട് 63.64 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയ ഗ്രോസ് കളക്ഷൻ.
ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, 7,534 ഷോകളിൽ നിന്നായി 9.25 കോടി രൂപയാണ് ആദ്യ ദിനം 'ആൽഫ' നേടിയത്. മൂന്ന് ദിനം കൊണ്ട് ഇന്ത്യയിൽ നിന്ന് 39.50 കോടി നേടിയ സിനിമ ഓവർസീസിൽ നിന്ന് 16 കോടി രൂപയും സ്വന്തമാക്കി.
വൈആർഎഫ് സ്പൈ ഫ്രാഞ്ചൈസിയിലെ ('ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'ടൈഗർ 3', 'വാർ', 'വാർ 2', 'പഠാൻ' എന്നിവയ്ക്ക് ശേഷമുള്ള) ഏഴാമത്തെ ചിത്രമാണ് 'ആൽഫ'. ഈ ഫ്രാഞ്ചൈസിയിലെ, ഓപ്പണിങ് വീക്കെൻഡിൽ ഏറ്റവും കുറവ് കളക്ഷൻ നേടുന്ന ചിത്രമാണ് 'ആൽഫ'. 'പത്താൻ': 280.75 കോടി രൂപ, 'വാർ 2': 175.75 കോടി രൂപ, 'വാർ': 166.25 കോടി രൂപ, 'ടൈഗർ സിന്ദാ ഹെ': 114.93 കോടി രൂപ, 'ഏക് താ ടൈഗർ': 100.57 കോടി രൂപ, 'ടൈഗർ 3': 44.50 കോടി രൂപ എന്നിവയാണ് മുന്നിലുള്ള വൈആർഎഫ് സ്പൈ ചിത്രങ്ങൾ.
മാസ് ആക്ഷൻ റോളുകളിലാണ് ആലിയ ഭട്ടും ഷർവരിയും ചിത്രത്തിൽ എത്തുന്നത്. എന്നാൽ, ഇവരുടെ പ്രകടനം ശരാശരി മാത്രമാണെന്നാണ് ഓൺലൈൻ റിവ്യൂകൾ സൂചിപ്പിക്കുന്നത്. അനിൽ കപൂറും ബോബി ഡിയോളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഒരു നിർണായക ഘട്ടത്തിൽ അതിഥി വേഷത്തിൽ ഹൃത്വിക് റോഷനും എത്തുന്നുണ്ട്.
തിരക്കഥ: സൗമിൽ ശുക്ല, ശ്രീധർ രാഘവൻ, ഛായാഗ്രഹണം: റുബൈസ്, സംഗീതം: രോഹൻഷ്, അബീർ, ഗാനരചന: കുമാർ, അൻവിത ദത്ത്, കൗസർ മുനീർ, രോഹൻഷ്, അബീർ, സംഭാഷണം: ഇഷിത മൊയ്ത്ര, കഥ: ഉദയ് ചോപ്ര, അസോസിയേറ്റ് പ്രൊഡ്യൂസർ: ഋഷഭ് ചോപ്ര.