കമൽ ഹാസൻ Source: ANI
ENTERTAINMENT

"എല്ലാ പ്രണയകഥകളും പാരീസിൽ തന്നെ വിരിയണമെന്ന് എന്താണ് നിർബന്ധം?" ഇന്ത്യൻ സിനിമകൾ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്ന് കമൽ ഹാസൻ

സിനിമാ വ്യവസായത്തിലെ ആഡംബര പ്രവണതയെ ചോദ്യം ചെയ്ത് കമൽ ഹാസൻ

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തുറന്ന കത്തുമായി നടനും നിർമാതാവും രാജ്യസഭ എംപിയുമായ കമൽ ഹാസൻ. സിനിമാ വ്യവസായത്തിലെ ആഡംബര പ്രവണതയെ ചോദ്യം ചെയ്യുന്ന കത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ കമൽ ആഹ്വാനം ചെയ്തു. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലമുണ്ടാകുന്ന വിലവർധന ഇന്ത്യൻ സിനിമാ വ്യവസായത്തിലും പ്രതിഫലിക്കുന്ന സാഹചര്യത്തിലാണ് കമൽ ഹാസന്റെ പ്രതികരണം.

കമൽ ഹാസന്റെ കുറിപ്പിന്റെ പൂർണരൂപം:

പ്രിയ സുഹൃത്തുക്കളെ, സഹപ്രവർത്തകരെ, സിനിമാ മേഖലയിലെ അംഗങ്ങളെ,

പശ്ചിമേഷ്യയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്. ഊർജം, വ്യാപാരം, ലോജിസ്റ്റിക്സ്, സാമ്പത്തിക സ്ഥിരത എന്നിവയിൽ ലോകം വലിയ സമ്മർദമാണ് നേരിടുന്നത്. വർധിച്ചുവരുന്ന ഇന്ധന-ഊർജ വിലകളുടെയും, ലോജിസ്റ്റിക്സ്, നിർമാണ ചെലവുകളുടെയും ആഘാതം സ്വാഭാവികമായും ഇന്ത്യയിലും പ്രതിഫലിക്കുന്നുണ്ട്.

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ചിടത്തോളം, സിനിമകളുടെ ബജറ്റുകൾ ഇതിനകം തന്നെ കുതിച്ചുയരുകയും വിപണിയിൽ നിന്നുള്ള വരവ് ഇപ്പോഴും അസ്ഥിരമായി തുടരുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് ഈ പ്രതിസന്ധി വന്നെത്തിയിരിക്കുന്നത്. വില വർധന സിനിമാ നിർമാണത്തെ മാത്രമല്ല ബാധിക്കുക. വരും മാസങ്ങളിൽ വിലവർധന കാരണം വിനോദത്തിനായി ജനങ്ങൾ പണം ചെലവഴിക്കുന്ന രീതികളിലും മാറ്റങ്ങൾ ഉണ്ടായേക്കാം.

ചലച്ചിത്ര നിർമാതാക്കൾ, തൊഴിലാളികൾ, തിയേറ്ററുകൾ, വിതരണക്കാർ, ഫിനാൻസിയർമാർ എന്നിവരടങ്ങുന്ന എക്കോസിസ്റ്റത്തെയും ഈ ഭാരം ബാധിക്കും. സിനിമയ്ക്ക് ഇനിയും വളർച്ചയുണ്ടാകണമെങ്കിൽ, ചെലവഴിക്കുന്ന ഓരോ രൂപയും വെറും പകിട്ടിന് വേണ്ടിയാകാതെ സിനിമയ്ക്ക് തന്നെ ഗുണം ചെയ്യുന്നതാണെന്ന് നാം ഉറപ്പാക്കണം. ഒരു കാര്യം ഞാൻ വ്യക്തമാക്കാം. ചലച്ചിത്ര സാമ്പത്തികരംഗത്ത് വരുത്തുന്ന യാതൊരുവിധ തിരുത്തലുകളും തൊഴിലാളികളുടെ കൂലി, സുരക്ഷ, അന്തസ്സ്, ഭക്ഷണം, യാത്രാസൗകര്യം, താമസം അല്ലെങ്കിൽ മാന്യമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവയെ ബാധിച്ചുകൊണ്ടാവരുത്. കഠിനാധ്വാനം ചെയ്യുന്നവരുടെ മേൽ ഈ ഭാരം അടിച്ചേൽപ്പിക്കാൻ കഴിയില്ല.

നമുക്ക് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത് മറ്റൊരിടത്താണ്: ഒഴിവാക്കാവുന്ന ധൂർത്തുകൾ, മോശം ആസൂത്രണം, അനാവശ്യമായ വലിയ അകമ്പടി സംഘങ്ങൾ, ആവശ്യമില്ലാത്ത വിദേശയാത്രകൾ, പ്രൊഡക്ഷനുണ്ടാകുന്ന കാലതാമസം, ചെലവഴിക്കുന്ന പണവും അതിന്റെ ലക്ഷ്യവും തമ്മിലുള്ള വർധിച്ചുവരുന്ന അന്തരം എന്നിവയിലാണ് മാറ്റം വരേണ്ടത്. എല്ലാ പ്രണയകഥകളും പാരീസിൽ തന്നെ വിരിയണമെന്നും എല്ലാ ഹണിമൂണുകളും സ്വിറ്റ്സർലൻഡിൽ തന്നെ അവസാനിക്കണമെന്നും എന്താണ് നിർബന്ധം? ഭാഗ്യവശാൽ, പ്രണയത്തിന് വിദേശ നാണയവിനിമയത്തിന്റെ ആവശ്യമില്ല. ഇന്ത്യൻ സിനിമയും ഇന്ത്യക്കാരും തങ്ങളിലും നമ്മുടെ മനോഹരമായ രാജ്യത്തിലും കുറച്ചുകൂടി ആത്മവിശ്വാസം അർഹിക്കുന്നുണ്ട്.

ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് ഒരു ഒത്തുചേരലിന് അനുയോജ്യമായ സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. വരാനിരിക്കുന്ന സാമ്പത്തിക വെല്ലുവിളികളെ കൂട്ടായി എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നിർമാതാക്കൾ, അഭിനേതാക്കൾ, സംവിധായകർ, യൂണിയനുകൾ, സ്റ്റുഡിയോകൾ, എക്സിബിറ്റർമാർ, വിതരണക്കാർ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, ഗിൽഡുകൾ എന്നിവർ ഉൾപ്പെടുന്ന ഒരു വ്യവസായിക ചർച്ചയ്ക്ക് ഞാൻ അഭ്യർഥിക്കുന്നു.

സിനിമ നിർമാണം കാര്യക്ഷമമാക്കുന്നതിന് പ്രായോഗികവും സുസ്ഥിരവുമായ പ്രവർത്തന രീതികൾ നാം ഒരുമിച്ച് വികസിപ്പിച്ചെടുക്കേണ്ടതുണ്ട്: മികച്ച ഷൂട്ടിങ് അച്ചടക്കം, കൃത്യമായ സമയക്രമങ്ങൾ, ആഡംബരങ്ങൾക്കും അകമ്പടി സംഘങ്ങൾക്കുമുള്ള ചെലവുകൾ കുറയ്ക്കൽ, അനുയോജ്യമായ പ്രാദേശിക ബദലുകൾ ഉള്ളപ്പോൾ ഒഴിവാക്കാവുന്ന വിദേശയാത്രകൾ പരിമിതപ്പെടുത്തൽ, സെറ്റുകളിലും സ്റ്റുഡിയോകളിലും ഊർജം സംരക്ഷിക്കൽ, സുസ്ഥിരമായ സെറ്റ് നിർമാണങ്ങളെ പ്രോത്സാഹിപ്പിക്കുകയും സാധനങ്ങൾ പുനരുപയോഗിക്കുകയും ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പലപ്പോഴും അമിതവ്യയത്തെയാണ് സിനിമയുടെ വലിയ ക്യാൻവാസ് ആയി തെറ്റിദ്ധരിക്കാറുള്ളത്. എന്നാൽ നമ്മുടെ ഏറ്റവും മികച്ച ചില ചിത്രങ്ങൾ നിർമിക്കപ്പെട്ടത് ആഡംബരങ്ങൾ കൊണ്ടല്ല, മറിച്ച് വ്യക്തതയും അച്ചടക്കവും ദൃഢവിശ്വാസവും കൊണ്ടാണ്.

ആഗോള അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിൽ ഓരോ മേഖലയും ദീർഘവീക്ഷണത്തോടെയും ആത്മനിയന്ത്രണത്തോടെയും പ്രവർത്തിക്കണമെന്ന ദേശീയ ആഹ്വാനം തികച്ചും സമയബന്ധിതമായ ഒരു ഓർമപ്പെടുത്തലാണ്. ഇന്ത്യൻ ചലച്ചിത്ര വ്യവസായവും ഈ സന്ദർഭത്തിനനുസരിച്ച് ഉയരേണ്ടതുണ്ട്.

സ്വകാര്യ താൽപ്പര്യങ്ങൾക്കപ്പുറം ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകേണ്ട സമയമാണിത്. നമ്മുടെ സിനിമാ മേഖല സംസ്‌കാരത്തിന് രൂപം നൽകുകയും ചിന്തകളെ സ്വാധീനിക്കുകയും ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. സിനിമയ്ക്ക് കേവലം വിനോദത്തിനപ്പുറമുള്ള ഉത്തരവാദിത്തങ്ങളുണ്ട്. ഈ വ്യവസായത്തിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള നമ്മളാണ് ആദ്യം മാതൃകയായി മുന്നിൽ നിൽക്കേണ്ടത്. ഇന്ന് നമ്മൾ സിനിമയുടെ സാമ്പത്തിക ഭദ്രത സംരക്ഷിച്ചാൽ, നാളെ സിനിമയുടെ ഭാവി നമുക്ക് സുരക്ഷിതമാക്കാം.

SCROLL FOR NEXT