വിവാഹിതയാകാത്ത ഒരു സ്ത്രീയ്ക്ക് അമ്മയാകുക എന്നത് നമ്മുടെ നാട്ടില്‍ അത്ര എളുപ്പമല്ല. പക്ഷേ കന്നട അഭിനേത്രി ഭാവന രാമണ്ണയ്ക്ക് നാല്‍പ്പതാം വയസില്‍ അമ്മയാകണം എന്ന ആഗ്രഹമുണ്ടായി. വിവാഹം കഴിക്കാത്തതിനാല്‍ ഒരുപാട് വിമര്‍ശനങ്ങളും നേരിട്ടു. പക്ഷേ ഐവിഎഫിലൂടെ ഗര്‍ഭിണിയാണെന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ് നടി.
രണ്ടുവട്ടം കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ അഭിനേത്രിയാണ് ഭാവന രാമണ്ണ. നര്‍ത്തകി, സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിലും പ്രശസ്ത. റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്ത ഒറ്റ എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ചു. മൂന്നു പതിറ്റാണ്ടായി ദക്ഷിണേന്ത്യന്‍ സിനിമയിലെ സജീവതാരം.
നാല്‍പ്പതാം വയസില്‍, ഇരട്ടക്കുട്ടികളുടെ അമ്മയാകാന്‍ പോകുന്ന വിവരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഭാവന. ഈ ആഗ്രഹം നിറവേറ്റാന്‍ അനുഭവിച്ച കഷ്ടപ്പാടുകളും താരം പോസ്റ്റില്‍ തുറന്നു പറയുന്നു.
ഇരുപതുകളിലും മുപ്പതുകളിലും തോന്നാത്ത ആഗ്രഹം നാല്‍പ്പതുകളിലാണ് തോന്നിയത്. ഭര്‍ത്താവോ ആണ്‍ സുഹൃത്തോ ഇല്ലാത്ത തനിക്ക് അമ്മയാകുക അത്ര എളുപ്പമായിരുന്നില്ല. ഈ തീരുമാനത്തെ മിക്കവരും ചോദ്യം ചെയ്തു. പല ഐവിഎഫ് ക്ലിനിക്കുകളും ആവശ്യം നിരസിച്ചു. ഒടുവില്‍ ഡോ. സുഷമയുടെ പരിചരണത്തില്‍ ഐവിഎഫ് വഴി ഗര്‍ഭിണിയായി.
തന്റെ കഥ ഒരു സ്ത്രീയ്‌ക്കെങ്കിലും സ്വയംമാറ്റത്തിന് പ്രേരണയുണ്ടാക്കിയാല്‍ അതുതന്നെ ധാരാളം. തന്റെ മക്കള്‍ക്ക് അച്ഛനുണ്ടാകില്ല. പക്ഷേ കലയും സംഗീതവും സംസ്‌കാരവും സ്‌നേഹവുമുള്ള വീട്ടില്‍ അവര്‍ വളരും-പോസ്റ്റിലൂടെ നടി പറഞ്ഞു.
നിരവധി പേരാണ് ഭാവന രാമണ്ണയുടെ ഈ ധീര തീരുമാനത്തെ അഭിനന്ദിച്ചത്. സിംഗിളായ സ്ത്രീയ്ക്കും അമ്മയാകാന്‍ അര്‍ഹതയുണ്ടെന്നും ആ തീരുമാനത്തെ ബഹുമാനിക്കണമെന്നുമാണ് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍.