
ഹിമാചൽ പ്രദേശിൽ പേമാരിയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാകുന്നതിനിടെ സിയാതി എന്ന പ്രദേശത്തെ ഒരു നായക്കുട്ടിയുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് ഒരു പ്രദേശത്തെ 20 കുടുംബങ്ങളിലെ 67 പേരാണ്.
ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലുള്ള സിയാതിയിലാണ് പൊടുന്നനെ കുതിച്ചെത്തിയ മലവെള്ള പാച്ചിൽ ഒരു പ്രദേശത്തെയാകെ മണ്ണിലും ചെളിയിലും മുക്കിക്കളഞ്ഞത്. ജൂൺ 30ന് അർധരാത്രിക്കും പുലർച്ചെ ഒരുമണിക്കും ഇടയിലുള്ള പ്രകൃതി ദുരന്തത്തിൽ മാണ്ഡിയിലെ ധരംപൂർ പ്രദേശത്തെ സിയാതി ഗ്രാമമാകെ തകർന്നു തരിപ്പണമായിരുന്നു.
സിയാത്തി നിവാസിയായ നരേന്ദ്രനാണ് ഈ അത്ഭുതകരമായ വിവരം ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. വീട്ടിലെ രണ്ടാം നിലയിൽ കിടന്നുറങ്ങുകയായിരുന്ന വളർത്തു നായയാണ് വരാനിരിക്കുന്ന വൻ ദുരന്തം മുൻകൂട്ടി കണ്ട് കുരച്ചും ഓരിയിട്ടും വീട്ടുകാരെയും പ്രദേശവാസികളേയും രക്ഷപ്പെടുത്തിയത്.
അർധരാത്രിയോടെ അസാധാരണമായ രീതിയിൽ കനത്ത തോതിൽ മഴ പെയ്യാൻ തുടങ്ങിയപ്പോൾ മുതൽ ഈ നായ ഓരിയിടാൻ തുടങ്ങിയിരുന്നു. ശബ്ദം കേട്ട് നരേന്ദ്രൻ പുറത്തിറങ്ങിയപ്പോഴാണ് വീടിൻ്റെ ചുമരിൽ ഒരു വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ നായക്കുട്ടിയേയും എടുത്ത് താഴേക്ക് ഓടിയിറങ്ങിയ നരേന്ദ്രൻ വീട്ടുകാരേയും സമീപവാസികളേയും വിളിച്ചുണർത്തുകയായിരുന്നു.
പിന്നീട് ഗ്രാമവാസികളായ മറ്റുള്ളവരേയും വിളിച്ചുണർത്തി സുരക്ഷിതമായൊരിടത്തേക്ക് ഓടിരക്ഷപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. 20 ഓളം കുടുംബങ്ങളെയാണ് നരേന്ദ്രൻ്റേയും നായക്കുട്ടിയുടേയും ഇടപെടലിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായത്. അധികം വൈകാതെ തന്നെ പ്രദേശത്ത് അതിശക്തമായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഉണ്ടാകുന്നത് ദൂരെ മാറി നിന്ന് സങ്കടത്തോടെ നോക്കി നിൽക്കാനേ നരേന്ദ്രന് കഴിഞ്ഞുള്ളൂ.
സിയാതിയിൽ മാത്രം ഒരു ഡസനോളം വീടുകളാണ് നിമിഷ നേരം കൊണ്ട് നിലംപൊത്തിയത്. അപകടം മുന്നിൽക്കാണാൻ വൈകിയിരുന്നെങ്കിൽ ഇത്രയും പേരുടേയും ജീവൻ ശക്തമായ ഉരുൾപൊട്ടൽ അപഹരിക്കുമായിരുന്നു. നാലോ അഞ്ചോ വീടുകൾ മാത്രമാണ് ഈ പ്രദേശത്ത് നിലവിൽ അവശേഷിക്കുന്നുള്ളൂവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.
രക്ഷപ്പെട്ടവർ കഴിഞ്ഞ ഏഴ് ദിവസമായി ത്രിയംബള ഗ്രാമത്തിലെ നൈന ദേവി ക്ഷേത്രത്തിൽ അഭയം തേടിയിരിക്കുകയാണ്. കൂട്ടത്തിൽ നിരവധി ഗ്രാമവാസികൾ രക്തസമ്മർദ്ദവും വിഷാദവും അനുഭവിക്കുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.