കൊച്ചി: റിഷബ് ഷെട്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കാന്താര ചാപ്റ്റർ 1’ റിലീസായിട്ട് പത്തു ദിവസം പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ മികച്ച കുതിപ്പ് തുടരുകയാണ്. രണ്ടാം വെള്ളിയാഴ്ചയും ശനിയാഴ്ചയും മാത്രം ചിത്രത്തിന് 79 കോടി രൂപയുടെ ആൾ ഇന്ത്യ ഗ്രോസ് നേടാനായതായി ചിത്രത്തിൻ്റെ നിർമാതാക്കൾ അറിയിച്ചു. അതോടൊപ്പം ചിത്രത്തിന്റെ സക്സസ് ട്രെയ്‌ലറും അണിയറ പ്രവർത്തകർ പുറത്തിറക്കി.
ചിത്രം ഇപ്പോൾ ലോകവ്യാപകമായി 700 കോടി രൂപയുടെ ഗ്രോസ് ബിസിനസ് ലക്ഷ്യമാക്കി മുന്നേറുകയാണ്. റിലീസിനൊടുവിൽ തന്നെ പ്രേക്ഷകരിൽ വൻ ആവേശം സൃഷ്ടിച്ച ‘കാന്താര ചാപ്റ്റർ 1’, അതിന്റെ ആഴമുള്ള കഥയും ശക്തമായ അവതരണ ശൈലിയിലൂടെ ആഗോളതലത്തിൽ ചര്‍ച്ചയായിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും പുതിയ നാഴികകല്ലുകളാണ് ചിത്രം താണ്ടുന്നത്.
റിഷബ് ഷെട്ടി ‘ബെർമെ’ എന്ന കഥാപാത്രമായും, രുക്മിണി വസന്ത് ‘കനകാവതി’യായും ഗുൽഷൻ ദേവയ്യ ‘കുളശേഖര’യായും തകർത്താടുന്നുണ്ട്. മലയാളത്തിൽ നിന്ന് ജയറാമും വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇവരോടൊപ്പം വൻ താരനിരയും അണിനിരക്കുന്നുണ്ട്.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ബി. അജനീഷ് ലോക്നാഥ് ആണെങ്കിൽ, ക്യാമറയ്‌ക്ക് പിന്നിൽ വിസ്മയങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് അർവിന്ദ് എസ് കശ്യപുമാണ്. രചനയിൽ അനിരുദ്ധ മഹേഷും ഷാനിൽ ഗൗതയും സഹ രചനാ പങ്കാളികളാണ്.
ഹോംബാലെ ഫിലിംസിൻ്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് നിർമാണം. ആക്ഷൻ രംഗങ്ങൾ, ഹൃദയസ്പർശിയായ സംഗീതം, തലമുറകളിലൂടെ മുഴങ്ങുന്ന ഒരു ആഖ്യാനം എന്നിവയലൂടെയൊക്കെ ഈ ചിത്രം ഇന്ത്യൻ സിനിമയിലെ മറ്റൊരു ചരിത്രമായി മാറിയെന്നാണ് ആരാധകരുടെ വിലയിരുത്തൽ.