പഞ്ചാബി ഗായകൻ കരൺ ഔജ്‌ല 
ENTERTAINMENT

ഓട്ടോ ഡ്രൈവറുടെ ട്രാഫിക് പിഴ 17,000 രൂപ! സഹായവുമായി ഗായകൻ; വീഡിയോ വൈറൽ

ഡൽഹിയിൽ നടന്ന കരൺ ഔജ്‌ലയുടെ സംഗീത പരിപാടിയിൽ 75,000ത്തിലധികം ആളുകൾ പങ്കെടുത്തിരുന്നു

Author : ന്യൂസ് ഡെസ്ക്

പ്രശസ്ത പഞ്ചാബി ഗായകൻ കരൺ ഔജ്‌ല വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ പുതിയ പാട്ടിന്റെ പേരിലോ സംഗീത പരിപാടിയുടെ പേരിലോ അല്ല. മറിച്ച് മുംബൈയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരെ സഹായിച്ചതിലൂടെയാണ് ഗായകൻ സോഷ്യൽ മീഡിയയിൽ ആരാധകരുടെ കയ്യടി ഏറ്റുവാങ്ങുന്നത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ, മുംബൈ നഗരത്തിലൂടെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന കരൺ ഔജ്‌ലയെ കാണാം. യാത്രയ്ക്കിടയിൽ ട്രാഫിക് പൊലീസ് ഓട്ടോ തടയുന്നു. അപ്പോഴാണ് ഡ്രൈവർക്ക് വലിയൊരു തുക ട്രാഫിക് പിഴയായി അടയ്ക്കാനുണ്ടെന്ന് ഗായകൻ അറിയുന്നത്. അതും, 17,000 രൂപ! ഒട്ടും മടിക്കാതെ, ആ ഡ്രൈവറുടെ പിഴത്തുകയായ 17,000 രൂപ കരൺ ഔജ്‌ല സ്വയം അടച്ചുതീർത്തു.

ഇതറിഞ്ഞ് അവിടെയുണ്ടായിരുന്ന മറ്റൊരു ഓട്ടോ ഡ്രൈവർ കൂടി ഔജ്‌ലയോട് സഹായം അഭ്യർഥിച്ചു. തന്റെ പിഴയടക്കാൻ ചെറിയൊരു സഹായം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ആ ഡ്രൈവർക്ക് 5,000 രൂപാണ് ഗായകൻ നൽകിയത്.

ഈ സംഭവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചുറ്റും കൂടിയ ആളുകൾ കരൺ ഔജ്‌ലയ്‌ക്ക് നന്ദി പറയുന്നതും ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം. "ഇതാണ് യഥാർഥ മാസ്" എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

അടുത്തിടെ, ഡൽഹിയിൽ നടന്ന കരൺ ഔജ്‌ലയുടെ സംഗീത പരിപാടിയിൽ 75,000ത്തിലധികം ആളുകൾ പങ്കെടുത്തിരുന്നു. ഒരു പഞ്ചാബി ഗായകന്റെ പരിപാടിക്ക് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വലിയ ജനപങ്കാളിത്തമാണിതെന്നാണ് റിപ്പോർട്ടുകൾ. ഔജ്‌ലയുടെ 'P-POP Culture India Tour' വരും ദിവസങ്ങളിൽ മുംബൈ, പൂനെ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും നടക്കും.

SCROLL FOR NEXT