തമിഴിൽ എന്ന പോലെ മലയാളത്തിലും വലിയ ആരാധകവൃന്ദമുള്ള സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച അഭിപ്രായം നേടിയ 'ദൊറോത്തി'യാണ് കാർത്തിക്കിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ മലയാളം സിനിമ ചെയ്യാനുള്ള താൽപ്പര്യം സംവിധായകൻ വെളിപ്പെടുത്തി.
മലയാളം സിനിമ ചെയ്യാൻ പ്ലാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാർത്തിക് സുബ്ബരാജ്. "ഉറപ്പായും മലയാളം ചിത്രം ചെയ്യും," എന്നായിരുന്നു സംവിധായകന്റെ മറുപടി. തന്റെ മനസിലുള്ള ആശയവും അദ്ദേഹം പങ്കുവച്ചു. ഫോർട്ട് കൊച്ചിയിൽ കണ്ട യഥാർഥ കഥാപാത്രത്തെ ചുറ്റിപ്പറ്റി മലയാളത്തിൽ ഒരു സിനിമയെടുക്കാൻ ആഗ്രഹിക്കുന്നതായാണ് കാർത്തിക് പറഞ്ഞത്.
കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 10ാം ചിത്രമാണ് 'ദൊറോത്തി'. സെപ്റ്റംബർ 25നാണ് സിനിമയുടെ തിയേറ്റർ റിലീസ്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു സിനിമയുടെ വേൾഡ് പ്രീമിയർ. സെന്റർപീസ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കീർത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇളയരാജയാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനാവുക്കരുസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്. ധമം, ജിയോ സ്റ്റുഡിയോസ്, സിഖ്യാ എന്നീ ബാനറുകളിൽ ജ്യോതി ദേശ്പാണ്ഡേ, ഗുനീത് മോംഗ കപൂർ, അചിൻ ജെയിൻ എന്നിവർ ചേർന്നാണ് നിർമാണം.