സിനിമകളിൽ സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നതിനോട് തനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് നടി കയാദു ലോഹർ. പ്രേക്ഷകരിൽ വലിയൊരു വിഭാഗം മാറിയെന്നും പതിയെ സംവിധായകരുടെ കാഴ്ചപ്പാടിലും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടി. 'ഇമ്മോർട്ടൽ' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സുധീർ ശ്രീനിവാസന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'ഇമ്മോർട്ടൽ' സിനിമയുടെ ട്രെയ്‌ലറിൽ നടിയെ അവതരിപ്പിച്ചിരിക്കുന്ന വിധത്തെ മുൻനിർത്തി സുധീർ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കയാദു ലോഹർ. "സ്ത്രീകളെ ഓബ്ജക്ടിഫൈ ചെയ്യുന്നതിനോട് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല. എന്നാൽ, ആ കഥാപാത്രത്തിനും പ്രമേയത്തിനും അത്തരമൊരു രീതി ആവശ്യമായി വരികയും, അത് എനിക്ക് പൂർണമായി ബോധ്യപ്പെടുകയും ചെയ്താൽ അതിൽ എനിക്ക് പ്രശ്നമില്ല; ഒരു പരിധിവരെ. എങ്കിലും ശ്രദ്ധ നേടാൻ വേണ്ടി മാത്രം ഒരു സിനിമയിൽ സ്ത്രീകളെ ഉപയോഗിക്കുന്ന ആശയത്തോട് എനിക്ക് തീരെ താല്പര്യമില്ല. അത് ഒരുപക്ഷേ ഇൻസ്റ്റഗ്രാമിൽ തരംഗമായേക്കാം. പക്ഷേ എനിക്ക് ആ ആശയവുമായി പൊരുത്തപ്പെടാൻ കഴിയില്ല, അതിനോട് ഞാൻ ഒരിക്കലും 'ഒക്കെ' പറയില്ല. കഥാപാത്രം ആവശ്യപ്പെടുകയും എനിക്ക് അത് ബോധ്യപ്പെടുകയും ചെയ്താൽ മാത്രമേ ഞാൻ അതിന് തയ്യാറാവൂ," എന്നായിരുന്നു താരത്തിന്റെ മറുപടി.
സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നതിനെപ്പറ്റിയുള്ള സംഭാഷണങ്ങൾ ബുദ്ധിമുട്ടേറിയതാണെന്നും നടി അഭിപ്രായപ്പെട്ടു. "നിങ്ങൾ മാത്രമാണ് അതിനായി പോരാടുന്നത് എന്നും, മറ്റുള്ളവരെല്ലാം 'ഇങ്ങനെയൊക്കെ തന്നെയാണ് കാര്യങ്ങൾ' എന്ന് പറയുകയും ചെയ്യുമ്പോൾ, ഇതിനെക്കുറിച്ചുള്ള സംവാദങ്ങൾ വളരെ ബുദ്ധിമുട്ടുള്ളതാകുന്നുണ്ട്. സ്ത്രീകളെ ചിത്രീകരിച്ച രീതിയുടെ പേരിൽ അടുത്തിടെ ഒരു ചിത്രം കടുത്ത വിമർശനം നേരിട്ടിരുന്നല്ലോ? ഇപ്പോൾ പ്രേക്ഷകർക്കും കാര്യങ്ങൾ മനസിലാകുന്നുണ്ട്. തുടക്കത്തിൽ, "പ്രേക്ഷകർക്ക് ഇതാണ് ഇഷ്ടം" എന്ന് പറയാൻ അവർക്ക് കാരണങ്ങളുണ്ടായിരുന്നു. എല്ലാ പ്രേക്ഷകരും അങ്ങനെയാണെന്ന് പറയാൻ കഴിയില്ല, ഒരു വിഭാഗം ആളുകൾ ഇന്നും അത് ആസ്വദിക്കുന്നുണ്ടാകാം. എങ്കിലും വലിയൊരു വിഭാഗം പ്രേക്ഷകരിപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്. സിനിമയിൽ സ്ത്രീകളെ എങ്ങനെ കാണിക്കണം എന്നതിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മാറി. അതുകൊണ്ടുതന്നെ, പതുക്കെയെങ്കിലും സംവിധായകരും തങ്ങളുടെ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുമെന്നാണ് ഞാൻ കരുതുന്നത്. ചില അഭിനേതാക്കൾ ഇതിനോട് യോജിക്കുന്നുണ്ടാകാം, എന്നാൽ മറ്റുചിലർക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല," കയാദു കൂട്ടിച്ചേർത്തു.
ജി.വി. പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രമാണ് 'ഇമ്മോര്‍ട്ടല്‍'. മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ഹൊറർ ചിത്രത്തിന് സാം സി എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ടി.എം. കാർത്തിക്, കുമാര്‍ നടരാജന്‍, ലൊല്ലു സഭാ മാരന്‍, ആദിത്യ കതിര്‍, അര്‍ഷു മഹാരാജന്‍, പെമ സാംചോ, സുനിത ശ്രേഷ്ഠ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.