കേരള പൊലീസിന്റെ പോസ്റ്റ് Source: Facebook / Kerala Police
ENTERTAINMENT

ഹെൽമറ്റ് ധരിച്ച് മമ്മൂട്ടി; ബെസ്റ്റ് റൈഡർ ആരെന്ന് കേരള പൊലീസ്, ഇന്റലിജൻസ് റിപ്പോർട്ട് ആണോയെന്ന് സോഷ്യൽ മീഡിയ

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നതിനെതിരെ വ്യത്യസ്തമായ ഒരു ബോധവത്കരണമായിരുന്നു പോസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇരിക്കെ കേരള പൊലീസിന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ച. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നതിനെതിരെ വ്യത്യസ്തമായ ഒരു ബോധവത്കരണമായിരുന്നു പോസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യം. എന്നാല്‍, ഹെല്‍മറ്റ് വച്ചും അല്ലാതെയും ഇരുചക്രവാഹനം ഓടിക്കുന്ന സിനിമാ താരങ്ങളുടെ ചിത്രങ്ങളും ആരാകും ബെസ്റ്റ് റൈഡർ എന്ന ചോദ്യവുമാണ് സിനിമാ പ്രേമികളെ ആശയക്കുഴപ്പത്തിലാക്കിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ശില്‍പ്പവും താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. ഇത് കേരള പൊലീസ് നല്‍കുന്ന സൂചനയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

'തുടരും' സിനിമയിലെ മോഹന്‍ലാലും 'സർക്കീട്ട്' എന്ന ചിത്രത്തില്‍ ആസിഫ് അലിയും ഒരു 'കുട്ടനാടന്‍ വ്ളോഗില്‍' മമ്മൂട്ടിയും ഇരുചക്രവാഹനം ഓടിക്കുന്ന ചിത്രങ്ങളാണ് കേരള പൊലീസ് പങ്കുവച്ചത്. ഇതില്‍ ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് ബൈക്ക് ഓടിക്കുന്ന മമ്മൂട്ടി മാത്രമാണ് ഹെല്‍മറ്റ് ധരിച്ചിരിക്കുന്നത്. ഒപ്പം ആരാകും ബെസ്റ്റ് റൈഡർ എന്ന ചോദ്യവും. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആർക്കാണെന്നതിന്റെ സൂചയാണോ ഇതെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇന്റലിജന്‍സ് റിപ്പോർട്ട് ആണോ എന്ന് ചോദിക്കുന്നവരേയും കമന്റ് സെക്ഷനില്‍ കാണാം.

അതേസമയം, 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകള്‍ പ്രഖ്യാപിക്കുന്നത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമയിലെ പ്രകടനത്തിന് ആസിഫ് അലിയുമാണ് മികച്ച നടനുള്ള മത്സരത്തില്‍ അവസാന റൗണ്ടിലുള്ളത് എന്നാണ് സൂചന. കിഷ്കിന്ധാ കാണ്ഡത്തിന് പുറമേ ലെവന്‍ ക്രോസ്, രേഖാ ചിത്രം എന്നീ ചിത്രങ്ങളിലെ ആസിഫ് അലിയുടെ പ്രകടനം ജൂറിക്ക് മുന്നിലുണ്ട്. നടനും സംവിധായകനുമായ പ്രകാശ് രാജാണ് അന്തിമ വിധി നിർണയ ജൂറി ചെയർപേഴ്സണ്‍.

SCROLL FOR NEXT