

എ. വിൻസന്റിന്റെ 'ഭാർഗവീനിലയം' എന്ന സിനിമയിലൂടെയാണ് ആദ്യമായി കേരളത്തിലെ തിയേറ്ററുകളിൽ 'പ്രേതം' കൂടുന്നത്. വിൻസന്റ് മാഷിന്റെ ചുവടുപിടിച്ച് പലരും വന്നു. ഭാർഗവിക്കുട്ടി മലയാള സിനിമയിലെ പ്രേതങ്ങളുടെ മാതൃകയായി. പലപ്പോഴും ഹൊറർ ഒരു തമാശയും. ഈ വെള്ള സാരി-വാടക വീട് ട്രെൻഡ് മറികടന്ന സംവിധായകനാണ് രാഹുൽ സദാശിവൻ. കാണിയിലെ പേടിയെ അയാൾ പുതിയ വഴികളിലൂടെ പുറത്തെത്തിച്ചു. അത് 'ഡീയസ് ഈറെ'യിലും ആവർത്തിക്കുകയാണ് സംവിധായകൻ.
പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന റോഹൻ എന്ന കഥാപാത്രത്തിലൂടെയാണ് 'ഡീയസ് ഈറെ'യുടെ കഥ വികസിക്കുന്നത്. റോഹനെ അവതരിപ്പിക്കുന്ന ആദ്യ ഫ്രെയിമിൽ, ആദ്യ സീനിൽ നിന്നു തന്നെ നമുക്ക് അയാളുടെ സ്വഭാവത്തെ വായിച്ചെടുക്കാം. പണക്കാരനായ അച്ഛന്റെ, ജീവിതത്തെ ആർത്തുല്ലസിക്കുന്ന മകൻ. അയാളിലൂടെയാണ് നമ്മൾ ന്യായവിധി നാളിലേക്ക് കടക്കുന്നത്. അതെ, മരിച്ചവരും ജീവിക്കുന്നവരും ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ ന്യായവിധിക്കായി മുട്ടുകുത്തി നിൽക്കുന്ന ദിനം. ഈ ഭൂമിയിൽ അടങ്ങാത്ത ആഗ്രഹങ്ങൾ അവശേഷിപ്പിച്ച് പോയ ഒരാളുടെ ക്രോധത്തിന്റെ നിഴൽ റോഹനിൽ പതിക്കുന്നു. ചുറ്റം നടക്കുന്നതിൽ എന്തോ അപാകതയുണ്ടെന്ന് അയാൾക്ക് മനസിലാകുന്നുണ്ട്. പക്ഷേ അതിന്റെ കാരണങ്ങൾ വിശദീകരിക്കാൻ അവന് സാധിക്കുന്നില്ല. അവിടെയാണ് മധുസൂദനൻ പോറ്റി എന്ന കഥാപാത്രം കടന്നുവരുന്നത്. പ്രേക്ഷകരോടും റോഹനോടും കാര്യങ്ങളുടെ കിടപ്പുവശം അവതരിപ്പിക്കുന്നത് ഈ കഥാപാത്രമാണ്. ചിലർ തങ്ങളുടെ ഇഷ്ടങ്ങളെ മുറുക്കെപ്പിടിക്കും. മരിച്ചാലും അവർ ആ പിടിത്തം വിടില്ല. അതാണ് ഈ സിനിമയുടെ ഇതിവൃത്തം. 'ഭൂതകാല'വും 'ഭ്രമയുഗ'വും നല്‍കിയ ആത്മവിശ്വാസം രാഹുലിന്റെ കഥപറച്ചിലില്‍ പ്രകടമാണ്. തന്റെ ശൈലിയില്‍ ഉറച്ചു നിന്ന് കഥപറയുകയാണ് രാഹുല്‍ സദാശിവന്‍.
റോഹൻ എന്ന കഥാപാത്രമായി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പ്രണവ് മോഹൻലാൽ കാഴ്ചവയ്ക്കുന്നത്. പ്രണവ് ഞെട്ടുമ്പോൾ കാണികളെ ഞെട്ടിക്കാൻ ഇടയ്ക്ക് ചില സിനിമാറ്റിക്ക് പൊടിക്കൈകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സമയവും അയാളുടെ കണ്ണിലൂടെയാണ് നമ്മളിലേക്ക് ഭയം ഇരച്ചുകയറുന്നത്. ഈ സിനിമയിൽ ഡയലോഗുകൾ കുറവാണ്. അതുകൊണ്ടുതന്നെ അഭിനേതാക്കളുടെ ശരീരമാണ് പ്രേക്ഷകനുമായി സംവേദിക്കുന്നത്. വ്യക്തമായ ഭാഷയിൽ പ്രണവിന്റെ ശരീരം നമ്മളോട് സംസാരിക്കുന്നു. മധുസൂദനൻ പോറ്റിയെ അവതരിപ്പിച്ച ജിബിൻ ഗോപിനാഥിന്റെ പ്രകടനവും എടുത്തു പറയണം. മധൂസൂദനൻ പോറ്റി ഒരു സാധാരണക്കാരനാണ്. അതേസമയം, അയാളിൽ നമുക്ക് ഒരു അസാധാരണത്വം തോന്നുന്നു. ജിബിൻ അത് അഭിനയിച്ചു ഫലിപ്പിച്ചു. ജയാ കുറുപ്പ്, അരുണ്‍ അജികുമാർ എന്നിവരുടെ പ്രകടനവും എടുത്തുപറയണം.
കഥാപാത്രങ്ങൾ എന്നപോലെ ഇടങ്ങൾക്കും ഈ സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. റോഹന്റെ വലിയ വീട് ആണ് അതിൽ പ്രധാനം. സാധാരണ പ്രേതപ്പടങ്ങളിൽ കാണുന്ന ഇടുങ്ങിയ ശ്വാസം കടക്കാത്ത മുറികൾക്ക് പകരമായി ഇവിടെ ഒരു വിശാലമായ അർബൻ ഡിസൈനിലുള്ള വീടാണ് രാഹുൽ ഭയം വിതയ്ക്കാനായി ഒരുക്കുന്നത്. കഥ അവസാനിപ്പിക്കുന്നത് ഇതിന് നേർവിപരീതമായ ഒരു ഇടത്തും. സിനിമയുടെ അവസാനത്തിൽ തന്റെ പ്രേക്ഷകർക്കായി ഒരു സർപ്രൈസും രാഹുൽ ഒരുക്കിയിട്ടുണ്ട്.
ഈ കഥ നമ്മൾ പലകുറി കേട്ടത് തന്നെയാണ്. അടുത്തത് എന്ത് എന്ന് നമുക്ക് ഊഹിക്കാനും സാധിക്കും. പക്ഷേ അത് ഒരുക്കിയിരിക്കുന്ന വിധമാണ് 'ഡീയസ് ഈറെ'യെ വ്യത്യസ്തമാക്കുന്നത്. ഷെഹ്നാദ് ജലാലിന്റെ സിനിമാറ്റോഗ്രഫി നിഴലിലും വെളിച്ചത്തിലും മനോഹരമായ ഫ്രെയിമുകൾ സൃഷ്ടിച്ചു. ഷഫീക്ക് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും മികച്ച് നിന്നു. എന്നാൽ, കയ്യടികൾ കൊണ്ടുപോകുന്നത് കംപോസർ ക്രിസ്റ്റോ സേവ്യറും സൗണ്ട് ഡിസൈനർ ജയദേവൻ ചക്കാടത്തും ആണ്. വയോള, വയലിൻ, ചെല്ലോ എന്നിങ്ങനെ നിരവധി സംഗീതോപകരണങ്ങൾ ഉപയോഗിച്ചാണ് ക്രിസ്റ്റോ സിനിമയുടെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. ഇവയുടെ ശബ്ദം വേണ്ടിടത്ത് ഉയർത്തിയും അല്ലാത്തിടത്ത് നിശബ്ദമാക്കിയും ഒരു ഒപ്പേറപോലെ അയാൾ സിനിമയെ കൊണ്ടുപോകുന്നു. ക്ലീഷേകളെ പോലും പുതിയപോലെ തോന്നിപ്പിക്കുന്നു. പശ്ചാത്തല സംഗീതം നിശബ്ദമാകുന്നിടത്ത് പരിസരം മിണ്ടിത്തുടങ്ങും. ചുറ്റും ആരോ ശ്വസിക്കുന്നത് പോലെ.
'ഡീയസ് ഈറെ' എന്ന ടൈറ്റിലും ആ ഈണം ഉണ്ടാക്കുന്ന അസ്വസ്ഥതയും സിനിമയുടെ ആഖ്യാനത്തെയും സംഗീതത്തെയും വലിയതോതിൽ സഹായിച്ചിട്ടുണ്ട്. 'ഡീയസ് ഈറെ' എന്ന ലത്തീൻ വാക്കിന്റെ അർഥം 'ക്രോധത്തിന്റെ ദിനം' എന്നാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ തോമസ് ഓഫ് സെലാനോ എഴുതിയ ഈ സങ്കീർത്തനം ഒരു കാലത്ത് റോമൻ കാത്തലിക്ക് ചർച്ച് മരണാനന്തര ചടങ്ങുകളിലാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് പല സംഗീതജ്ഞരും പല വിധത്തിൽ ഈ ജോർജിയൻ ചാന്റ് ഉപയോഗിച്ചു. എന്തിനേറെ പറയുന്നു 'ഷൈനിങ്', 'ഫ്രോസണ്‍ 2' പോലുള്ള സിനിമകളിൽ പോലും.
ഇതിൽ ഹെക്ടർ ബെർലിയോസ് എന്ന സംഗീതജ്ഞൻ, 'ഡീയസ് ഈറെ'യെ തീർത്തും വ്യത്യസ്തമായ രീതിയിലാണ് സമീപിച്ചത്.അദ്ദേഹം 'ഡീയസ് ഈറെ' മെലഡിയെ ടെക്സ്റ്റിൽ നിന്ന് അടർത്തി തന്റെ പ്രണയവുമായി ചേർത്തുവച്ചു. അതിന് കാരണം, ഐറിഷ് നടി ഹാരിയറ്റ് സ്മിത്സണോട് ബെർലിയോസിന് തോന്നിയ പ്രണയമായിരുന്നു. ഒരിക്കൽ പാരിസിൽ വച്ച് 'ഹാംലറ്റ്' എന്ന നാടകത്തില്‍ ഹാരിയറ്റ് അഭിനയിക്കുന്നത് ബെർലിയോസ് കാണാൻ ഇടയായി. കണ്ട മാത്രയിൽ ബെർലിയോസിന് ആ നടിയോട് പ്രണയം തോന്നി. അയാള്‍ അവളെ പിന്തുടർന്നു. പൂവുകള്‍ അയച്ചു, കത്തുകള്‍ എഴുതി. തെരുവിലൂടെ അവള്‍ നടന്നുപോകുന്നത് നിരീക്ഷിക്കാന്‍ ഒരു അപ്പാർട്ട്മെന്റ് പോലും വാടകയ്ക്ക് എടുത്തു. ആ പ്രണയം ഹാരിയറ്റ് നിരസിച്ചതോടെ വിഭ്രാന്തിക്ക് സമമായ അവസ്ഥയിലേക്ക് ബെർലിയോസ് കടന്നു. അയാളുടെ ഭ്രാന്തമായ ഭാവനയിൽ ഒരു കറുത്ത പൂവ് വിരിഞ്ഞു. ആ ദുസ്വപ്നമായിരുന്നു 'സിംഫണി ഫെന്റാസ്റ്റിക്'. ഈ സിംഫണിയിലെ 'ഡ്രീം ഓഫ് എ വിച്ചസ് സാബത്ത്' എന്ന ഭാഗത്ത് 'ഡീയസ് ഈറെ' മെലഡി കേൾക്കാം. മരണത്തിന്റെ ഇതൾ വിരിയുന്നത് പോലെ. ഈ ദുസ്വപ്നത്തിന്റെ ഈണവും അതിന്റെ പിന്നിലെ കഥയും ആയിരിക്കണം രാഹുൽ സദാശിവന്റെ പ്രചോദനം. മരണത്തിന്റെ മെലഡിയും ഉന്‍മാദത്തോട് അടുത്ത പ്രണയവും!