എറണാകുളം: വിവാദ ചിത്രം 'ദ കേരള സ്‌റ്റോറി 2' ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്തുകൊണ്ട് നിർമാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷായുടെ മറുപടി സത്യവാങ്മൂലം. ഒരു സിനിമയിലെ ഉള്ളടക്കത്തെക്കുറിച്ച് സെൻസർ ബോർഡ് പോലുള്ള വിദഗ്ധ സമിതി നടത്തുന്ന വിലയിരുത്തലിന് പകരം കോടതി സ്വന്തം നിലയിലുള്ള ഒരു നിഗമനത്തിലെത്തുന്നത് കോടതിയുടെ മേൽനോട്ടാധികാരത്തിന്റെ (Supervisory jurisdiction) പരിധിയിൽ വരുന്ന കാര്യമല്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്തുന്നത് സെന്‍സര്‍ ബോര്‍ഡിന് പകരമാവില്ല. ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണ്. വിദഗ്ധര്‍ കണ്ട് വിലയിരുത്തിയാണ് പ്രദര്‍ശനാനുമതി നല്‍കിയത്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണെന്ന് നിർമാതാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വെറും രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടീസർ മാത്രം കണ്ട് സിനിമയെ വിലയിരുത്താനാവില്ലെന്നും, ചിത്രത്തിന് പ്രദർശനാനുമതി നൽകാൻ സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം സെൻസർ ബോർഡിനാണ് അധികാരമെന്നും നിർമാതാവ് വാദിച്ചു.
കഴിഞ്ഞ ദിവസം, 'കേരള സ്റ്റോറി 2'വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ച കേരള ഹൈക്കോടതി സിനിമയുടെ ടീസറും ട്രെയ്‌ലറും പിൻവലിക്കാമോ എന്ന് ചോദിച്ചിരുന്നു. ഇവ പിൻവലിക്കാമെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നാണ് പിന്നീട് നിർമാണ കമ്പനിയായ സൺഷൈൻ പിക്ചേഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചത്.
ഒരു കോടതിയും ഉള്ളടക്കം നീക്കാൻ ചെയ്യാൻ വിധിക്കുകയോ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇവരുടെ വാദം. ടീസറുകൾ നീക്കം ചെയ്തിട്ടില്ലെന്നും എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണെന്നും നിർമാണ കമ്പനി അറിയിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും സൺഷൈൻ പിക്ചേഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കി.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി, നെട്ടൂർ സ്വദേശി ഫ്രെഡി എന്നിവരാണ് വ്യത്യസ്ത ഹർജികളുമായി സിനിമയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ ശ്രീദേവ് നമ്പൂതിരിയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട ബെഞ്ചാണ് സിനിമ കണ്ട് വിലയിരുത്താൻ തീരുമാനിച്ചത്. ഇതിന് എതിരെയാണ് നിർമാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
കാമാഖ്യ നാരായൺ സിംഗ് ആണ് 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സംവിധാനം ചെയ്തിരിക്കുന്നത്. ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ വിപുൽ അമൃത്ലാൽ ഷാ ആണ് നിർമാണം. ഫെബ്രുവരി 27നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.