എറണാകുളം: 'കേരള സ്റ്റോറി 2'വിന്റെ ടീസറും ട്രെയ്‌ലറും പിൻവലിക്കാമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ. ബലമായി ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള രംഗങ്ങൾ ഉൾക്കൊള്ളിക്കുന്ന ടീസർ ഏറെ വിവാദമായിരുന്നു. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി ടീസർ പിൻവലിക്കാമോ എന്ന് ചോദിച്ചിരുന്നു.
നാളെ വൈകുന്നേരം നാല് മണിക്ക് ശേഷം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായി ബെഞ്ച് സിനിമ കണ്ട് വിലയിരുത്തും. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി സിനിമയിൽ എന്തെങ്കിലും പ്രതിപാദിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മത, സാമുദായിക, പ്രാദേശിക വികാരങ്ങളെ ഹരിക്കരുതെന്നാണ് കേന്ദ്ര മാർഗനിർദേശത്തിൽ പറയുന്നത്. സിനിമ കണ്ടതിന് ശേഷമാകും ഹർജിയിൽ കോടതി വിധി പറയുക.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇതു മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച കോടതി, സിനിമയ്ക്ക് കേരളത്തിന്റെ പേര് നൽകിയതിൽ ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും വ്യക്തമാക്കി.
‘‘കേരളം ഒരു മതേതര സമൂഹമാണ്. വിവിധ സമുദായങ്ങൾ സാഹോദര്യത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. എന്നാൽ കേരളം മുഴുവൻ അങ്ങനെയല്ലെന്നാണ് നിങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അതിൽ തെറ്റായ ഒരു സൂചനയുണ്ട്. അത് വികാരം വ്രണപ്പെടുത്താം. അക്കാര്യം പരിഗണിച്ചോ?’’ എന്നാണ് ഹർജിക്കാരുടെ വാദം ചൂണ്ടിക്കാട്ടി കോടതി സെൻസർ ബോർഡിനോട് ചോദിച്ചത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമിച്ചതെന്ന നിർമാതാക്കളുടെ അവകാശവാദത്തെപ്പറ്റിയും കോടതി പരാമർശിച്ചു. സാധാരണ കാലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്രത്തിൽ ഇടപെടാറില്ലെന്നും എന്നാൽ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എന്ന് പറഞ്ഞ് 'കേരളം' എന്ന പേര് ഉപയോഗിക്കുമ്പോൾ അത് സംഘർഷത്തിന് ഇടയാക്കില്ലേ എന്നും കോടതി നിർമാതാക്കളോട് ചോദിച്ചു. എന്നാൽ, ഏതെങ്കിലും മത വിഭാഗത്തെ ബാധിക്കുന്ന ഭാഗങ്ങള്‍ സിനിമയിലില്ലെന്നായിരുന്നു നിർമാതാക്കളുടെ മറുപടി.
വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞ സിനിമയുടെ ട്രെയ്‌ലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് 'ദി കേരള സ്റ്റോറി 2'ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് 'ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' സംവിധാനം ചെയ്തിരിക്കുന്നത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.