എഎംഎംഎ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ Source: News Malayalam 24x7
ENTERTAINMENT

അതിജീവിതയ്ക്ക് ഒപ്പം, ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയും: കുക്കു പരമേശ്വരൻ

കോടതി കണ്ടെത്തിയ കുറ്റക്കാരെ ശിക്ഷിച്ചിട്ടുണ്ടെന്ന് കുക്കു പരമേശ്വരൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കൃത്യം നിലപാട് പറയാതെ എഎംഎംഎ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. കോടതി എല്ലാം ശരിയായി മനസിലാക്കി എന്നായിരുന്നു സൂക്ഷ്മ പ്രതികരണം. അതിജീവിതയ്ക്ക് ഒപ്പമാണെന്നും ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണെന്നും കുക്കു വ്യക്തമാക്കി.

കോടതി എന്താണോ പറയുന്നത് അത് സ്വീകരിക്കുന്നു. കോടതി കണ്ടെത്തിയ കുറ്റക്കാരെ ശിക്ഷിച്ചിട്ടുണ്ട്. അത് നമ്മൾ എന്തിനാണ് മറയ്ക്കുന്നത്. പെൺകുട്ടിക്കെതിരെ അങ്ങനെയൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിഞ്ഞത്. തനിക്ക് അറിയാത്ത കാര്യങ്ങൾ ചോദിക്കരുതെന്നും കുക്കു പ്രതികരിച്ചു. ഐഎഫ്എഫ്കെയിൽ 'അവൾക്കൊപ്പം' ഹാഷ് ടാഗ് വയ്ക്കില്ല എന്ന് പറഞ്ഞിട്ടില്ല. അവൾക്കൊപ്പം അല്ല എന്ന് തങ്ങൾ പറഞ്ഞിട്ടില്ല. ചലച്ചിത്ര മേള ഉദ്ഘാടനം നാളെയാണെന്നും കാത്തിരിക്കൂ എന്നും കുക്കു പരമേശ്വരൻ കൂട്ടിച്ചേർത്തു.

സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് മുന്നിൽ എത്തിയിട്ടുണ്ടെന്നും കുക്കു പരമേശ്വരൻ അറിയിച്ചു. നടപടികൾ സ്വീകരിക്കും. പരാതിക്കാരിക്ക് സഹായം ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കുക്കു വ്യക്തമാക്കി .ഐഎഫ്എഫ്‌കെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ സംവിധായകന്‍ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍ മുറിയില്‍വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്രപ്രവര്‍ത്തകയുടെ പരാതി.

അതേസമയം, നടൻ ബാബുരാജിന്റെ വിമർശനത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും കുക്കു അറിയിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതികരണം നടത്താൻ എഎംഎംഎ നേതൃത്വം ബാധ്യസ്ഥരാണെന്നാണ് ബാബുരാജ് പറഞ്ഞത്. നിലവില്‍ എഎംഎംഎ തലപ്പത്ത് ഇരിക്കുന്നത് സ്ത്രീകളാണ്. പ്രതികരിക്കാന്‍ ബാധ്യസ്ഥരായിട്ടും അവര്‍ എസ്‌കേപ്പ് ചെയ്യുന്നു. ഇപ്പോഴും തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. മോഹന്‍ലാല്‍ മാറിയത് നന്നായി എന്നുമാണ് ബാബുരാജ് പറഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ വിധിയിൽ എഎംഎംഎയുടെ നേതൃത്വം പ്രതികരിക്കാത്തതിൽ വിമർശനമുയർന്നിരുന്നു.

SCROLL FOR NEXT