

കൊച്ചി: നീതി കിട്ടും വരെ അതിജീവിതയുടെ പോരാട്ടം തുടരുമെന്ന് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ന്യൂസ് മലയാളത്തിന്റെ ഹലോ മലയാളത്തിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കേരള സമൂഹം അതിജീവിതയ്ക്ക് നല്‍കി കൊണ്ടിരുന്നത് പരിധിയില്ലാത്ത പിന്തുണയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
താന്‍ സ്വയം സംഘടനയില്‍ നിന്ന് പുറത്ത് പോകട്ടെ എന്നായിരുന്നു ഫെഫ്ക ഭാരവാഹികളുടെ നിലപാടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നാല് വര്‍ഷം മുമ്പ് തന്നെ വിധിയെ കുറിച്ച് പറഞ്ഞിരുന്നു. അന്ന് പറഞ്ഞത് തന്നെയാണ് സംഭവിച്ചത്. നിര്‍വികാരമായാണ് വിധി കേട്ടത്.
കോടതിയില്‍ വികാരങ്ങള്‍ക്ക് സ്ഥാനമില്ല. ഈ കേസില്‍ ശക്തമായ തെളിവുകളുണ്ട്. പള്‍സര്‍ സുനിയുടെ മൊഴി ഇല്ലായിരുന്നില്ലെങ്കില്‍ എട്ടാം പ്രതി ഇപ്പോഴും അതിജീവിതയെ ആശ്വസിപ്പിച്ച് നാടകം കളിക്കുമായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ സമൂഹം പ്രതീക്ഷിക്കുന്ന വിധിയുണ്ടാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിധി വരുന്നതിനു മുമ്പ് തന്നെ വിധി വിവരങ്ങള്‍ ചോര്‍ന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വിധിയുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട ഊമക്കത്ത് ഡിസംബര്‍ രണ്ടിന് തന്നെ അഭിഭാഷകര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഈ കത്തില്‍ വിധിയുടെ വിവരങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
വിധിയുടെ വിവരങ്ങള്‍ പരാമര്‍ശിച്ചതില്‍ അഭിഭാഷക അസോസിയേഷന്‍ ആശങ്കയറിയിച്ചു. നീതി ന്യായ വ്യവസ്ഥയോടുള്ള ആദരവ് നഷ്ടപ്പെടുത്തുന്ന സംഭവത്തില്‍ അസോസിയേഷന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുകയാണ് അസോസിയേഷന്‍ പ്രസിഡന്റ്.