ദുൽഖർ സൽമാൻ, 'ലോക'യിൽ കല്യാണി പ്രിയദർശൻ Source: X
ENTERTAINMENT

"ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല"; 2025ൽ പോപ്പ് കൾച്ചറിനെ നിർവചിച്ച ചന്ദ്ര, അപൂർവ നേട്ടത്തിൽ സന്തോഷം പങ്കിട്ട് ദുൽഖർ സൽമാൻ

മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഡൊമിനിക് അരുൺ ആണ് സംവിധാനം ചെയ്തത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാം ചിത്രമാണ് 'ലോക ചാപ്റ്റർ വൺ: ചന്ദ്ര'. 300 കോടിക്ക് മുകളിൽ കളക്ഷൻ നേടി മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഡൊമിനിക് അരുൺ ആണ് സംവിധാനം ചെയ്തത്. കല്യാണി പ്രിയദർശൻ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം കേരളത്തിലെ പിവിആർ മൾട്ടിപ്ളെക്സ് സ്ക്രീനുകളിൽ 100 ദിവസത്തിന് മുകളിലാണ് പ്രദർശിപ്പിച്ചത്.

റെക്കോർഡുകൾ അനവധി തകർത്ത 'ലോക' മറ്റൊരു സ്വപ്നനേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. വോഗ് ഇന്ത്യ മാഗസീൻ പുറത്തുവിട്ട, 2025ലെ ഇന്ത്യൻ പോപ്പ് കൾച്ചറിനെ നിർവചിച്ച നിമിഷങ്ങളുടെ പട്ടികയിൽ ചന്ദ്രയും ഇടം പിടിച്ചിരിക്കുകയാണ്.

കല്യാണി പ്രിയദർശൻ 'ചന്ദ്ര' എന്ന കേന്ദ്ര കഥാപാത്രമായി എത്തിയ 'ലോക ചാപ്റ്റർ വൺ: ചന്ദ്ര' തകർപ്പൻ ഹിറ്റാകുകയും രാജ്യത്താകമാനമുള്ള പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തതായി വോഗ് എഴുതുന്നു. ഇന്ത്യയിലെ ആദ്യ സൂപ്പർ ഹീറോയിൻ ആയി എത്തിയ കല്യാണിയുടെ പ്രകടനം വലിയ തോതിൽ പ്രശംസിക്കപ്പെട്ടു. 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന, ഒരു നടി പ്രധാന വേഷം ചെയ്ത ആദ്യത്തെ മലയാള സിനിമ എന്ന റെക്കോർഡും ചിത്രം സ്വന്തമാക്കിയതായി വോഗ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ പോപ്പ് കൾച്ചറിൽ മലയാള സിനിമയുടെ കരുത്ത് വിളിച്ചോതുന്ന നേട്ടമാണിത്.

വോഗിന്റെ പോസ്റ്റ് സ്‌റ്റോറി ഇട്ടുകൊണ്ടാണ് നിർമാതാവ് ദുൽഖർ സൽമാൻ ഈ സന്തോഷം പങ്കിട്ടത്. "ചന്ദ്ര യുഗചേതനകളിൽ(Zeitgeists) ഒന്നായി മാറുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. 2025ലെ എന്റെ പ്ലാനിൽ എവിടെയും ഇത് ഉണ്ടായിരുന്നില്ല. പക്ഷെ എന്താണ് നടന്നത് എന്ന് നോക്കൂ ," എന്നാണ് ദുൽഖർ സൽമാൻ കുറിച്ചിരിക്കുന്നത്.

ദുൽഖർ സൽമാന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്‌റാൻ മംദാനി വിജയിച്ചതിന് പിന്നാലെ മുഴങ്ങിക്കേട്ട 'ധൂം മച്ചാലെ' മുതൽ, മെറ്റ് ഗാലയെ തന്റെ നിമിഷമാക്കി മാറ്റിയ ഷാരൂഖ് ഖാൻ വരെ വോഗ് ഇന്ത്യയുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒപ്പം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 'ഹോംബൗണ്ട്', ആര്യൻ ഖാന്റെ 'ബാഡ്സ് ഓഫ് ബോളിവുഡ്', അക്ഷയ് ഖന്നയുടെ 'ധുരന്ധറി'ലെ നൃത്തം, സർപ്രൈസ് ഹിറ്റായി മാറിയ 'സയ്യാര', ഏകദിന ലോകകപ്പ് വിജയം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം, ഇന്റർനാഷണൽ ബുക്കർ പ്രൈസ് സ്വന്തമാക്കിയ ബാനു മുഷ്താഖ് എന്നിവരും 2025ൽ ഇന്ത്യൻ പോപ്പ് കൾച്ചർ നിർവചിച്ചവരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

SCROLL FOR NEXT