

കൊച്ചി: മോഹൻലാൽ നായകനായെത്തിയ പാൻ ഇന്ത്യൻ ബഹുഭാഷാ ചിത്രമാണ് 'വൃഷഭ'. ഈ വർഷം തുടർച്ചയായി ഹിറ്റുകൾ സമ്മാനിച്ച നടന്റെ മറ്റൊരു ബ്ലോക്ബസ്റ്ററാകും ചിത്രമെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാൽ, ക്രിസ്മസ് റിലീസ് ആയി എത്തിയ ഈ ബിഗ് ബജറ്റ് ചിത്രത്തെ പ്രേക്ഷകർ കൈവിട്ടെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആദ്യ ദിനം ഇന്ത്യൻ ബോക്സ് ഓഫീസിൽ കളക്ട് ചെയ്തത് 50 ലക്ഷം രൂപയാണ്. ഇതിൽ 47 ലക്ഷം രൂപയും കേരളത്തിൽ നിന്നാണ് നേടിയത്. കളക്ഷൻ ട്രാക്കർമാായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ഹിന്ദി, തെലുങ്ക്, കന്നഡ പതിപ്പുകൾ യഥാക്രമം മൂന്ന് ലക്ഷം, ഒരു ലക്ഷം, ഒരു ലക്ഷം രൂപ വീതമാണ് കളക്ട് ചെയ്തത്. ആഗോള തലത്തിൽ ഇന്നലെവരെ 1.25 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്ന് 92 ലക്ഷം രൂപയും. സിനിമയുടെ വിഎഫ്എക്സിനും മോഹൻലാലിന്റെ പ്രകടനത്തിനും വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. മലയാളം ഡബ്ബിങ് നിരാശപ്പെടുത്തിയെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ശോഭ കപൂർ, ഏക്താ ആർ. കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമിച്ച 'വൃഷഭ', ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിച്ചത്. വിമൽ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിർമാതാവ്. ഏകദേശം 70 കോടി ബജറ്റിലാണ് സിനിമ നിർമിച്ചതെന്നാണ് റിപ്പോർട്ട്. സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി, അജയ്, നേഹ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കിയ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റിയാണ് എത്തിയത്. രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹൻലാലിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പഴയകാല യോദ്ധാവിന്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും ആണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. 2025ലെ തന്റെ അവസാന ചിത്രത്തിൽ മോഹൻലാലിന് കാലിടറി എന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.