'ലിയോ' ലൊക്കേഷനിൽ ലോകേഷ് കനകരാജും വിജയ്‌യും Source: X
ENTERTAINMENT

"വിജയ് അണ്ണ വിളിച്ചു..."; 'ജന നായകനി'ൽ ലോകേഷ് കനകരാജിന്റെ ക്യാമിയോ

അരുൺ മാതേശ്വരൻ ഒരുക്കുന്ന 'ഡിസി' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാൻ ഒരുങ്ങുകയാണ് ലോകേഷ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തമിഴ് സിനിമയിൽ മുൻനിരയിലുള്ള യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അരുൺ മാതേശ്വരൻ ഒരുക്കുന്ന 'ഡിസി' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാൻ ഒരുങ്ങുകയാണ് ലോകേഷ്. ഇപ്പോഴിതാ ആരാധകർ കാത്തിരിക്കുന്ന വിജയ് ചിത്രം 'ജന നായകനി'ൽ താനൊരു അതിഥി വേഷത്തിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ചെന്നൈയിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിലാണ് ലോകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സംവിധായകൻ എച്ച്. വിനോദും വിജയ്‌യും ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഈ ചെറിയ വേഷം ചെയ്തതെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. "വിനോദ് അണ്ണയും വിജയ് അണ്ണയും എന്നെ വിളിച്ചു, ക്യാമിയോ ചെയ്യുമോ എന്ന് ചോദിച്ചു. സിനിമയിൽ ഞാനൊരു ക്യാമിയോ ചെയ്തിട്ടുണ്ട്. അത്രമാത്രമേ ഇപ്പോൾ പറയാൻ സാധിക്കൂ. വിജയ്‌യെ നായകനാക്കി 'മാസ്റ്റർ', 'ലിയോ' എന്നിങ്ങനെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ് ലോകേഷ്.

വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ‘ജന നായകൻ’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ്. ജനുവരി ഒൻപതിന് പൊങ്കലിന് തിയേറ്ററുകളിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം സെൻസർ പ്രതിസന്ധിയിൽ കുടുങ്ങി റിലീസ് മാറ്റിവച്ചത് ആരാധകരെ വലിയ തോതിൽ നിരാശരാക്കിയിരുന്നു.

ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിങ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ചെയർമാന്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

എന്നാൽ, സെൻസർ ബോർഡിന് അനുകൂലമായ നിലപാടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്വീകരിച്ചത്. സിനിമയ്ക്ക് ഉടൻ 'യുഎ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ഇതോടെ സിനിമയുടെ റിലീസ് ഇനിയു നീളും എന്ന കാര്യം ഉറപ്പായി.

SCROLL FOR NEXT