കൊച്ചി: തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ അടുത്ത ചിത്രം തമിഴ് ഹിറ്റ് മേക്കർ ലോകേഷ് കനകരാജിനൊപ്പമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ലോകേഷിന്റെ സ്വപ്ന സിനിമയായ 'ഇരുമ്പ് കൈ മായാവി' എന്ന സൂപ്പർഹീറോ ആക്ഷൻ സിനിമയാണ് ഇതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിനായി ലോകേഷ് കനകരാജിന് ഏകദേശം 75 കോടി രൂപ പ്രതിഫലമായി നിർമാതാക്കൾ വാഗ്ദാനം ചെയ്തതുവെന്ന വാർത്തയാണ് ഓൺലൈനിൽ സംസാരവിഷയം.
റിപ്പോർട്ടുകൾ പ്രകാരം, 2026 ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിൽ 'AA23'യുടെ ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത. സിനിമയെപ്പറ്റി ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ, അല്ലു അർജുൻ അടുത്തിടെ തന്റെ സോഷ്യൽ മീഡിയ സ്റ്റോറിയിൽ പങ്കുവച്ച 'Wait for it' (അല്പം കൂടി കാത്തിരിക്കൂ) എന്ന പോസ്റ്റ് ആരാധകർക്കിടയിൽ വലിയ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്. ഈ പോസ്റ്റ് ലോകേഷ് കനകരാജുമായി ഒന്നിക്കുന്ന പുതിയ പ്രോജക്ടിനെക്കുറിച്ചുള്ള സൂചനയാണെന്നാണ് ഭൂരിഭാഗം ആരാധകരും വിശ്വസിക്കുന്നത്.
തങ്ങളുടെ അടുത്ത സംവിധാന സംരംഭത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു എന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ലോകേഷ് കനകരാജിന്റെ അസിസ്റ്റന്റ് ഡയറക്ടർ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, അല്ലു അർജുൻ നായകനാകുന്ന ചിത്രമായിരിക്കും ഇതെന്നാണ് സിനിമാ മേഖലയിലെ സംസാരം. സിനിമ 'എൽസിയു'വിൽ ഉൾപ്പെടുമോ എന്ന കാര്യത്തിലും ചർച്ചകൾ സജീവമാണ്.
അതേസമയം, അറ്റ്‍ലിയുടെ ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കിലാണ് അല്ലു അർജുൻ. 'AA22x A6' എന്ന വർക്കിങ് ടൈറ്റിലില്‍ അറിയപ്പെടുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോണ്‍ ആണ് നായിക. മൂവരും ഒന്നിക്കുന്ന ആദ്യം ചിത്രം കൂടിയാണിത്. ദീപികയെ കൂടാതെ, രശ്മിക മന്ദാന, മൃണാൾ താക്കൂർ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. സിനിമയിൽ അല്ലു അർജുൻ നാല് വ്യത്യസ്ത വേഷങ്ങളിൽ എത്തുമെന്നാണ് സൂചന.