ലോകേഷ് കനകരാജ്, രജനികാന്തും കമൽ ഹാസനും 
ENTERTAINMENT

"നീ രജനി സാറിനേയും കമൽ സാറിനേയും അൺഫോളോ ചെയ്തോയെന്ന് അമ്മ വരെ ചോദിച്ചു"; മറുപടിയുമായി ലോകേഷ്

ചെന്നൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് താൻ നേരിടുന്ന വിവിധ വിമർശനങ്ങൾക്ക് ലോകേഷ് മറുപടി നൽകിയത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: രജനികാന്തിനേയും കമൽ ഹാസനേയും സമൂഹമാധ്യമങ്ങളിൽ അൺഫോളോ ചെയ്തുവെന്ന റിപ്പോർട്ടുകൾ തള്ളി ലോകേഷ് കനകരാജ്. താൻ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് വസ്തുതകൾ പരിശോധിക്കണമെന്നും ലോകേഷ് മാധ്യമങ്ങളോട് അഭ്യർഥിച്ചു. ചെന്നൈയിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിലാണ് താൻ നേരിടുന്ന വിവിധ വിമർശനങ്ങൾക്ക് ലോകേഷ് മറുപടി നൽകിയത്.

രജനികാന്തിനെ നായകനാക്കി രാജ്‍ കമൽ ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഇരുവരേയും ലോകേഷ് സമൂഹമാധ്യമങ്ങളിൽ അൺഫോളോ ചെയ്തു എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ പലരും ആഘോഷിക്കുകയും ചെയ്തു. "രജനി സാറിനേയും കമൽ സാറിനേയും ഞാൻ അൺഫോളോ ചെയ്തു എന്ന് (സമൂഹമാധ്യമങ്ങളിൽ) അഭ്യൂഹങ്ങൾ പരന്നിരുന്നു. ഒരു ഗ്രാമപ്രദേശത്ത് നിന്ന് വന്ന എനിക്ക്, അവർ രണ്ടുപേർക്കുമൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചത് ഭാഗ്യമായിട്ടാണ് കരുതുന്നത്. രണ്ട് വർഷം മുൻപ്, ഫോണിൽ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ ഞാൻ ഒരു വീഡിയോ ലൈക്ക് ചെയ്തു. അതിന് എത്ര വിശദീകരണങ്ങൾ നൽകേണ്ടി വന്നുവെന്ന് എനിക്ക് മാത്രമേ അറിയൂ. ഇന്നത്തെ കാലത്ത് ഒരാൾക്ക് മറ്റൊരാളെ അത്ര എളുപ്പത്തിൽ അൺഫോളോ ചെയ്യാൻ കഴിയുമോ? അത് എങ്ങനെ സാധ്യമാകും?," ലോകേഷ് മാധ്യമങ്ങളോട് ചോദിച്ചു.

സാധാരണക്കാർക്കിടയിൽ മാധ്യമങ്ങൾക്ക് ലഭിക്കുന്ന വിശ്വാസ്യതയെപ്പറ്റി ചൂണ്ടിക്കാട്ടാനും സംവിധായകൻ മറന്നില്ല. "എന്റെ അമ്മയ്ക്ക് ട്വിറ്റർ എന്താണെന്ന് പോലും അറിയില്ല. ഫോളോ, അൺഫോളോ എന്നൊക്കെ പറഞ്ഞാൽ എന്താണെന്നും അറിയില്ല. പക്ഷേ അവരെന്നെ വിളിച്ച് നീ രജനി സാറിനേയും കമൽ സാറിനേയും അൺഫോളോ ചെയ്തോ എന്ന് ചോദിച്ചു. കാരണം, അവർക്ക് എന്നേക്കാൾ വിശ്വാസം നിങ്ങളെയാണ് (മാധ്യമങ്ങൾ). ഇത്തരത്തിൽ എന്തെങ്കിലും സെൻസിറ്റീവ് ആയ വിവരങ്ങൾ ലഭിച്ചാൽ, അത് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് ഞാനുമായോ എന്റെ ടീമുമായോ ബന്ധപ്പെട്ട് പരിശോധിക്കണം. ഇതെന്റ് അപേക്ഷയാണ്," എന്നും ലോകേഷ് കൂട്ടിച്ചേർത്തു.

ആരാധകർ കാത്തിരിക്കുന്ന വിജയ് ചിത്രം 'ജന നായകനി'ൽ താനൊരു അതിഥി വേഷത്തിലുണ്ടെന്നും ലോകേഷ് കനകരാജ് വെളിപ്പെടുത്തി. സംവിധായകൻ എച്ച്. വിനോദും വിജയ്‌യും ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഈ ചെറിയ വേഷം ചെയ്തതെന്നാണ് സംവിധായകൻ പറഞ്ഞത്.

നിലവിൽ, അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിന്റെ തിരക്കിലാണ് ലോകേഷ് കനകരാജ്. പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബിവി വർക്സും സംയുക്തമായാണ് ഈ വമ്പൻ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സെൻസേഷണൽ കമ്പോസർ അനിരുദ്ധ് രവിചന്ദറാണ്. താൽക്കാലിമായി 'AA23' എന്നാണ് പേര് നൽകിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

SCROLL FOR NEXT