യൂട്യൂബ് ചാനലുമായി പ്രശസ്ത ഹോളിവുഡ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മനോജ് നൈറ്റ് ശ്യാമളൻ. 'എം. നൈറ്റ് ശ്യാമളൻ' എന്നാണ് ചാനലിന്റെ പേര്. ഒരു ഇൻട്രൊഡക്ഷൻ വീഡിയോയിലൂടെ ചാനൽ ലോഞ്ച് ചെയ്ത സംവിധായകൻ തനിക്കുള്ളിലുള്ള സിനിമയുമായി ബന്ധപ്പെട്ട സ്റ്റിഗ്മകൾ എല്ലാം മാറ്റിവയ്ക്കാനുള്ള ശ്രമമാണിതെന്ന് ആരാധകരോട് വ്യക്തമാക്കി. വൻ വരവേൽപ്പാണ് ശ്യാമളന്റെ യൂട്യൂബ് ചാനലിന് ലഭിക്കുന്നത്.
യൂട്യൂബ് ചാനലിൽ പങ്കുവച്ച ആദ്യ വീഡിയോയിൽ സംവിധായകൻ പറഞ്ഞത് ഇങ്ങനെ: "ഞാൻ എം. നൈറ്റ് ശ്യാമളൻ. ഞാൻ ഒരു ഫിലിംമേക്കറാണ്. ജീവിക്കാനായി ഞാൻ സിനിമകൾ നിർമിക്കുന്നു. ഇതെന്റെ യൂട്യൂബ് ചാനലാണ്. എനിക്കും എന്റെ പ്രേക്ഷകർക്കും പരസ്പരം അറിയാനും, ചിന്തിക്കാനും, ബന്ധം കൂടുതൽ ആഴത്തിലാക്കാനുമുള്ള അവസരമായി ഇത് മാറുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എനിക്ക് ചെറിയ ഭയം തോന്നുന്നുണ്ട്. എനിക്ക് ഭയം തോന്നുമ്പോൾ, ഞാൻ ശരിയായ എന്തോ ഒന്നാണ് ചെയ്യുന്നതെന്നും ഞാൻ വളരുകയാണെന്നുമാണ് സാധാരണയായി തോന്നാറുള്ളത്.
നിങ്ങൾക്കറിയാമോ, 30 വർഷമായി ഞാൻ സിനിമകൾ നിർമിക്കുന്നു. ഇതിനെയൊന്ന് അഴിച്ചെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട് എന്റെ തലയിലുള്ള സ്റ്റിഗ്മകൾ എല്ലാം മാറ്റിവയ്ക്കണം. എന്റെയും മറ്റുള്ളവരുടേയും മനസ്സിലുള്ള എല്ലാ മുൻവിധികളെയും ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
വീഡിയിയോയിൽ താനിരിക്കുന്ന സ്ഥലത്തിന്റെ പ്രാധാന്യവും സംവിധായകൻ വ്യക്തമാക്കി. "ഇതാണ് ഞാൻ ചിന്തിക്കാനായി വന്നിരിക്കുന്ന എന്റെ ചെറിയ ബെഞ്ച്. എനിക്ക് വല്ലാത്ത വിഷമം തോന്നുമ്പോൾ മനസിനെ ശാന്തമാക്കാൻ ഞാൻ ഇവിടേക്ക് വരാറുണ്ട്. എന്റെ ഓഫീസ് എനിക്ക് സമ്മാനമായി നൽകിയതാണ് ഇത്. അവിടെ കാണുന്നതാണ് എന്റെ ഓഫീസ്. അപ്പുറത്ത് കാണുന്നത് ഈ വർഷം അന്തരിച്ച എന്റെ അച്ഛനായി ഞങ്ങൾ നട്ടുവളർത്തിയ മരമാണ്. എന്നെങ്കിലും അതൊരു വലിയ മരമായി മാറും.
ഇത് എങ്ങനെയാകുമെന്ന് എനിക്കറിയില്ല. ഞാൻ നിങ്ങള്‍ക്ക് എന്താണ് കാണിച്ചുതരാൻ പോകുന്നതെന്നോ നിങ്ങൾ എനിക്കെന്താണ് കാണിച്ചുതരാൻ പോകുന്നതെന്നോ എനിക്കറിയില്ല. എന്നാൽ അജ്ഞാതമായ ഒന്നിലേക്ക് കാൽവെച്ചു ഇറങ്ങുന്നതിലാണ് ഇതിന്റെ സന്തോഷം. അതുകൊണ്ട് നമുക്കത് ഒരുമിച്ച് ചെയ്യാം. അപ്പോൾ, നിങ്ങൾക്കിത് ഇഷ്ടപ്പെടുമെന്നും നിങ്ങൾ എന്നോടൊപ്പം തുടരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു," ശ്യാമളൻ പറഞ്ഞവസാനിപ്പിച്ചു.
2001ൽ 'സൈൻസ്' എന്ന ചിത്രം നിർമിക്കുന്ന വേളയിൽ എഴുതിയ ഡയറിക്കുറിപ്പുകളിലൂടെയാണ് രണ്ടാമത്തെ വീഡിയോയിൽ നൈറ്റ് ശ്യാമളൻ ആരാധകരെ കൊണ്ടുപോകുന്നത്. കഴിഞ്ഞ 25 വർഷത്തിനിടയിൽ താൻ ഈ ഡയറി എടുത്തു വായിച്ചു നോക്കിയിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ തിരിഞ്ഞുനോക്കാനും, ആ അനുഭവങ്ങൾ പങ്കുവയ്ക്കാനും ആഗ്രഹിക്കുന്നതായും സംവിധായകൻ പറയുന്നു.
സൂപ്പർനാച്ചുറൽ റൊമാന്റിക് ത്രില്ലർ ചിത്രമായ 'റിമെയ്ൻ' ആണ് നൈറ്റ് ശ്യാമളന്റെ അടുത്ത റിലീസ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ്-സ്ക്രീനിങ് പ്രതികരണം ലഭിച്ച ചിത്രമാണിതെന്ന് ശ്യാമളൻ മുൻപ് വ്യക്തമാക്കിയിരുന്നു. ജേക്ക് ഗില്ലെൻഹാൾ, ഫീബി ഡൈനവർ, ജൂലി ഹാഗേർട്ടി, ജെയ് ഒ. സാൻഡേഴ്സ്, ആഷ്ലി വാൾട്ടേഴ്സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2027 ഫെബ്രുവരി അഞ്ചിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.