ഇളയരാജ 
ENTERTAINMENT

"ഇളയരാജയുടെ ഗാനങ്ങളില്‍ നിന്ന് ദിനംപ്രതി സോണി മ്യൂസിക്കിന്റെ വരുമാനം എത്ര?" കണക്കുകള്‍ ഹാജരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

തനിക്ക് വിശിഷ്ടമായൊരു കരിയറുണ്ടെന്നും 7,500ല്‍ അധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ടെന്നും ഇളയരാജ വാദിച്ചു

Author : ന്യൂസ് ഡെസ്ക്

സംഗീത സംവിധായകൻ ഇളയരാജയുടെ ഗാനങ്ങളിലൂടെ സോണി മ്യൂസിക് എന്റർടൈൻമെന്റിന് ദിവസേന ലഭിക്കുന്ന വരുമാനത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കാന്‍ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ഇളയരാജയുടെ ഹർജിയിലാണ് കോടതിയുടെ നിർദേശം. തന്റെ കൃതികളില്‍ സോണിക്ക് ഒരുതരത്തിലുള്ള ഉടമസ്ഥാവകാശവും ഇല്ലെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

താന്‍ സംഗീത സംവിധാനം ചെയ്ത ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തുടരുന്നതിൽ നിന്ന് സംഗീത കമ്പനിയെ തടയണമെന്നും ഇളയരാജ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഹർജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന സോണിയുടെ അഭിഭാഷകന്റെ വാദം കോടതി പരിഗണിച്ചു. വിശദമായ എതിർവാദം കേട്ട ശേഷം മാത്രമേ വസ്തുതകള്‍ തീരുമാനിക്കാന്‍ സാധിക്കൂവെന്ന് വാദം കേട്ട ജസ്റ്റിസ് എൻ. സെന്തിൽകുമാർ വ്യക്തമാക്കി. അതേസമയം, ഹർജിക്കാരന്റെ സംഗീത സൃഷ്ടികളില്‍ നിന്ന് കമ്പനിയുണ്ടാക്കുന്ന ദൈനംദിന വരുമാനത്തിന്റെ വിശദവിവരം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

തനിക്ക് വിശിഷ്ടമായൊരു കരിയറുണ്ടെന്നും 7,500ല്‍ അധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ടെന്നും ഇളയരാജ വാദിച്ചു. തന്റെ കോംപസിഷനുകളുടെയും അനുബന്ധ സൗണ്ട് റെക്കോർഡിങ്ങുകളുടെയും സമ്പൂർണ അവകാശം തനിക്കാണെന്ന് സംഗീത സംവിധായകന്‍ ചൂണ്ടിക്കാട്ടി. തന്‍റേത് സ്വതന്ത്ര സൃഷ്ടികളാണെന്നും ഏതെങ്കിലും നിർമാതാവിന്റെ നിയന്ത്രണത്തിലോ നിർദേശത്തിലോ അല്ല താന്‍ സംഗീതങ്ങള്‍ ചിട്ടപ്പെടുത്തതെന്നും ഇളയരാജ കോടതിയെ അറിയിച്ചു. സംവിധായകന്റെ ചില ഇന്‍പുട്ടുകള്‍ മാത്രമാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ, യഥാർത്ഥ രചയിതാവ്, ആദ്യ ഉടമ, തുടർച്ചയായ പകർപ്പവകാശ ഉടമ എന്നീ നിലകളിൽ തന്റെ സംഗീത കൃതികളുടെ പകർപ്പവകാശം തനിക്കു മാത്രമാണെന്നും സോണിക്ക് അല്ലെന്നും സ്ഥാപിക്കാന്‍ ഇളയരാജ ശ്രമിച്ചു.

കഴിഞ്ഞ ദിവസമാണ് ഹർജി കോടതി പരിഗണിച്ചത്. ഇളയരാജയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷന്‍ പ്രഭാകരന്‍ ആണ് ഹാജരായത്. സോണി ഇളയരാജയുടെ ഗാനങ്ങളില്‍ ബീറ്റുകൾ ചേർക്കുകയും, റീമിക്സ് ചെയ്യുകയും, വളച്ചൊടിക്കുകയും ചെയ്യുന്നതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് പകർപ്പവകാശ നിയമത്തിലെ സെക്ഷൻ 38ബിയുടെ ലംഘനമാണെന്നായിരുന്നു വാദം.

മറുവശത്ത്, 2012ല്‍ പകർപ്പവകാശ നിയമത്തില്‍ ഭേദഗതി വരുന്നതിന് മുന്‍പാണ് ഇളയരാജയും സംഗീത കമ്പനിയുമായി കരാറിലെത്തിയതെന്ന് സോണിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് വിജയ് നാരായണ്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഗാനങ്ങളുടെ ഉടമ സോണിയാണെന്നായിരുന്നു വിജയ് നാരായണിന്റെ വാദം. പകർപ്പവകാശ ഉടമകളായിരുന്ന എക്കോ റെക്കോർഡിങ്ങില്‍ നിന്നും ഇളയരാജയുടെ 118 സിനിമകളുടെ അവകാശങ്ങൾ ഓറിയന്റല്‍ റെക്കോർഡ്സ് വാങ്ങിയിരുന്നു. പിന്നീട് അവ സോണിക്ക് വിറ്റു. അതിനാൽ, ഗാനങ്ങളുടെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നത് തുടരാൻ ഇളയരാജയ്ക്ക് കഴിയില്ലെന്നും നാരായൺ വാദിച്ചു.

ഒക്ടോബർ 22ന് കോടതി ഹർജി വീണ്ടും പരിഗണിക്കും. ഇതിനകം കണക്കുകള്‍ ഹാജരാക്കാനാണ് സോണിക്ക് മദ്രാസ് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിർദേശം.

SCROLL FOR NEXT